ADVERTISEMENT

ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് . ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി, കെഎസ്ആർടിസി,കെഎസ്ഇബി, അഗ്നിരക്ഷാസേന, കേന്ദ്ര സേന, ജലസേചന വിഭാഗം തുടങ്ങി 21 വകുപ്പുകളുടെ  കൃത്യമായ ഏകോപനത്തിന്റെ വിജയമാണ്.  29 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം  22.67 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 18.16 ലക്ഷം തീർഥാടകരാണ് എത്തിയത്. 18 മണിക്കൂർ വരെ കാത്തുനിന്നാണ് തീർഥാടകർ കഴിഞ്ഞ  പതിനെട്ടാംപടി കയറി ദർശനം നടത്തിയത്.

ഇത്രയും വലിയ കാത്തുനിൽപും പലയിടത്തും തടഞ്ഞു നിർത്തലും വന്നതോടെ പരാതിയുടെ പ്രളയമായി. കഴിഞ്ഞ വർഷത്തെ പോരായ്മകൾ കണ്ടെത്തി അത് പരിഹരിക്കാൻ മാസങ്ങൾക്കു മുൻപേ ശ്രമം നടത്തി. അതിന്റെ വിജയമാണ്. മുഖ്യമന്ത്രി മുതൽ വിശുദ്ധി സേനാംഗങ്ങളുടെ വരെ കഠിന പരിശ്രമം ഇതിന്റെ പിന്നിലുണ്ട്.  കഴിഞ്ഞ വർഷത്തെ പ്രധാന പ്രശ്നം പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായിരുന്നു. പതിനെട്ടാംപടിക്കു മേൽക്കൂര വന്നതോടെ പൊലീസുകാർക്ക് ശരിയായി നിന്ന് തീർഥാടകരെ പടി കയറ്റാൻ കഴിയുന്നില്ലെന്നായിരുന്നു അതിനു കാരണം പറഞ്ഞത്.

പടിയുടെ വശത്ത് പൊലീസുകാർക്ക് ഇരുന്നു തീർഥാടകരെ കയറ്റി വിടാൻ കഴിയുന്ന സംവിധാനം ഒരുക്കി. അത് കൂടാതെ പടിയിൽ ജോലി നോക്കുന്ന പൊലീസുകാർക്ക് പരമാവധി വിശ്രമം കിട്ടുന്ന വിധത്തിൽ സമയം ക്രമീകരിച്ചു. ഇതോടെ പടികയറ്റം വേഗത്തിലായി. ഇതാണ് ഏറ്റവും വലിയ നേട്ടം. പൊലീസുകാർക്ക് ക്ഷീണം മാറാൻ ദേവസ്വം ബോർഡ് പ്രത്യേകം ലഘുഭക്ഷണം ഇടയ്ക്കു നൽകുന്നുണ്ട്. ദർശനം സുമമാക്കാൻ സോപാനത്തു നടപ്പാക്കിയ പരിഷ്കാരവും ഫലം കണ്ടു. സോപാനത്തെ ഒന്നാം നിരയുടെ പൂർണ നിയന്ത്രണം ദേവസ്വം ഗാർഡിനാണ്. കൊച്ചുകുട്ടികളുമായി വരുന്നവർ, മുതിർന്ന പൗരന്മാർ, വിഐപികൾ തുടങ്ങിയവരെ  ഒന്നാം നിരയിലൂടെ ദർശനത്തിനു പ്രത്യേക ക്യൂ ക്രമീകരിച്ചു.

ഇത്തവണത്തെ തീർഥാടന ഒരുക്കങ്ങൾ കഴിഞ്ഞ മാർച്ചിൽ തുടങ്ങി. വഴിപാട് ആവശ്യങ്ങൾക്കുള്ള ശർക്കര, ഡപ്പി, അടപ്പ് തുടങ്ങിയവ 6 മാസം മുൻപേ വാങ്ങി സംഭരിച്ചു. അതിനാൽ ശർക്കര, ഡപ്പി തുടങ്ങിയവയ്ക്ക് ക്ഷാമം ഇല്ല. തീർഥാടനം തുടങ്ങുന്നതിന് മുൻപ്  40 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഒരുക്കി. പ്രതിദിനം 3.5 ലക്ഷം ടിൻ അരവണയുടെ വിൽപന നടന്നിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്.  ഇത്തവണ അരവണ വിറ്റുവരവിലൂടെ 82.67 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കൾ 17.41 കോടി രൂപ കൂടുതലുണ്ട്.

 ശബരിമലയിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്. കഴിഞ്ഞ വർഷം തീർഥാടന കാലത്തെ ആകെ വരുമാനം  373 കോടി രൂപയായിരുന്നു. മാസപൂജയ്ക്ക് ലഭിച്ചത് ഉൾപ്പെടെ 450 കോടി രൂപ ലഭിച്ചു. ദേവസ്വം ബോർഡിൽ 1252 ക്ഷേത്രങ്ങൾ ഉണ്ട്. നിത്യനിദാനത്തിനു വകയില്ലാത്ത ക്ഷേത്രങ്ങളാണ് ഭൂരിപക്ഷവും.  ശബരിമലയിലെ വരുമാനം കൊണ്ടാണ് ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കുന്നത്. ദേവസ്വം ബോർഡിൽ 5500 ജീവനക്കാരും 5000 പെൻഷൻകാരും ഉണ്ട്.

873 കോടി രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി മാത്രം വേണം. തിരുവല്ലം, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളാണ് ശബരിമല കഴി‍ഞ്ഞാൽ വരുമാനം ഉള്ളത്.  12 മുതൽ 13 കോടി രൂപയാണ് ഈ ക്ഷേത്രങ്ങളിലെ വരുമാനം. ചെട്ടികുളങ്ങര, മലയാലപ്പുഴ, കൊട്ടാരക്കര തുടങ്ങി സ്വയം പര്യാപ്തമായ 23 ക്ഷേത്രങ്ങൾ കൂടിയുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നു കാര്യമായ വരുമാനമില്ല. ശബരിമലയിൽ നിന്നുള്ള വരുമാനം പ്രധാനമാണെന്ന ബോധം  ഉണ്ടാകണം. എങ്കിലേ സ്ഥാപനത്തിനു നിലനിൽപ് ഉണ്ടാകു. ശബരിമല ഡ്യൂട്ടി നോക്കാത്ത ജീവനക്കാർ ധാരാളം ഉണ്ട്.

English Summary:

Sabarimala pilgrimage this year witnessed a record number of devotees, exceeding last year's count by over half a million. Despite the increased influx, efficient management by multiple departments ensured smooth and timely darshan for all pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com