സുരക്ഷിത തീർഥാടനം: പ്രതിബിംബ സ്തൂപക്കുറ്റി സ്ഥാപിച്ച് പൊലീസ്
Mail This Article
റാന്നി ∙ ശബരിമല തീർഥാടക തിരക്കിൽ വാഹന യാത്ര സുരക്ഷിതമാക്കാൻ സ്ഥിരം അപകട മേഖലകളിൽ പ്രതിബിംബ സ്തൂപക്കുറ്റികൾ സ്ഥാപിച്ച് പൊലീസ്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട്, ബ്ലോക്കുപടി, ചെത്തോങ്കര എന്നിവിടങ്ങളിലാണ് കുറ്റികൾ സ്ഥാപിച്ചത്.കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം ഉതിമൂട് ജംക്‌ഷൻ, ബ്ലോക്കുപടി, ചെത്തോങ്കര എന്നിവിടങ്ങളിൽ അപകടങ്ങൾ വർധിച്ചിരിക്കുകയാണ്. റോഡ് സുരക്ഷാ അതോറിറ്റി വിദഗ്ധരും ഇവ അപകട മേഖലകളാണെന്നു കണ്ടെത്തിയിരുന്നു. സുരക്ഷയ്ക്ക് ഏർപ്പെടുത്തേണ്ട നിർദേശങ്ങളും അവർ കെഎസ്ടിപിക്കും പൊലീസിനും മോട്ടർ വാഹന വകുപ്പിനും നൽകിയിരുന്നു.
ഇതേ തുടർന്നാണ് ശബരിമല തിരക്ക് കണക്കിലെടുത്ത് പൊലീസ് കുറ്റികൾ നാട്ടിയത്. ഉതിമൂട്ടിൽ പേരൂച്ചാൽ–കുമ്പളാംപൊയ്ക റോഡിന്റെ ഇരുവശങ്ങളിലായി പുനലൂർ–മൂവാറ്റുപുഴ പാതയിൽ 9 കുറ്റികൾ നാട്ടിയിട്ടുണ്ട്. ചെത്തോങ്കര പാലത്തിന്റെ ഇരുകരകളിലായി സമീപന റോഡിൽ 4 കുറ്റികളാണു വച്ചത്. അപകട മേഖലകളായ മന്ദിരം ജംക്‌ഷൻ, മാമുക്ക് എന്നിവിടങ്ങളിലും പ്രതിബിംബ സ്തൂപക്കുറ്റികൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.