തീർഥാടനം പരാതി രഹിതം; പിന്നിൽ മികച്ച ഏകോപനം
Mail This Article
ശബരിമല ∙ മികച്ച രീതിയിലുള്ള വകുപ്പുകളുടെ ഏകോപനം പരാതി രഹിത തീർഥാടനത്തിനു സഹായകമായതായി ശബരിമല എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ അത് പരിഹരിക്കാൻ കഴിയുന്നു. ഇത് മകരവിളക്ക് കഴിയും വരെ തുടരും. പതിനെട്ടാംപടി കയറി എത്തുന്ന തീർഥാടകർക്ക് അസ്വസ്ഥത ഉണ്ടായാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകാൻ തിരുമുറ്റത്ത് തിരുമുറ്റത്ത് പ്രത്യേകം ആരോഗ്യ സംഘത്തെ ക്രമീകരിക്കും. കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ പരിശീലനം ലഭിച്ച പൊലീസിന്റെ സേവനവും ഉറപ്പാക്കും. മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത് കുന്നു കൂടുന്ന മാലിന്യം വിശുദ്ധിസേന നീക്കം ചെയ്യുന്നുണ്ട്. ഇടയ്ക്ക് മണ്ണു മാന്തി ഉപയോഗിച്ചാൽ ഇത് വേഗത്തിൽ നീക്കാൻ കഴിയുമെന്ന് എഡിഎം നിർദേശിച്ചു.
അരവണ പ്ലാന്റിലെ ആവശ്യത്തിന് എടുക്കുന്ന ശർക്കരയുടെ ചാക്കുകൾ പിൻ ഭാഗത്തേക്ക് വലിച്ചെറിയുന്നു. ഇത് കുന്നുകൂടാതെ ദിവസവും നീക്കം ചെയ്യണമെന്നു ദേവസ്വത്തിനു നിർദേശം നൽകി. വാവരു നടയുടെ സമീപത്തെ മരത്തിനു ചുറ്റുമുള്ള വേലികൾ എടുത്തുമാറ്റും. ഇവിടെ മാലിന്യം ഇടുന്ന പ്രവണത ഉള്ളതിനാലാണ്. കൊപ്രാക്കളത്തിൽ താമസിക്കുന്ന ജീവനക്കാരെ അവിടെ നിന്നു മാറ്റണമെന്ന് നിർദേശം നൽകി. കൊപ്ര സൂക്ഷിച്ച ഷെഡിൽ നിന്നു ശനിയാഴ്ച പുക ഉയരുകയും അഗ്നിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിലൂടെ അണയ്ക്കാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. കൊപ്രാക്കളത്തിന്റെ പരിസരത്തു ജാഗ്രത പാലിക്കും.
സന്നിധാനത്ത് ബിഎസ്എൻഎൽ നെറ്റ്‌വർക് ബന്ധത്തിലെ പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി. കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ 85 പരിശോധനകൾ നടത്തിയതായി ഡ്യൂട്ടി മജിസ്ട്രേട്ട് വ്യക്തമാക്കി. അഗ്നി രക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ട് ഒരു മാസത്തിനുള്ളിൽ 287 വിളികൾ വന്നു. എല്ലായിടത്തും ഓടി എത്തി പരിഹാരം ഉണ്ടാക്കിയതായി അഗ്നിശമന രക്ഷാ സേന അറിയിച്ചു. ഹോട്ടലുകളിൽ അനുവദനീയമായ 5പാചക വാതക സിലിണ്ടറുകളിൽ കൂടുതൽ സൂക്ഷിക്കുന്നത് തടയും.
ചിക്കൻപോക്സ് പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പ് സന്നദ്ധത അറിയിച്ചു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇതുവരെ 302 പരിശോധനകൾ നടത്തിയതായും 66,000 രൂപ പിഴയായി ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. 14 പരാതികളാണ് ലഭിച്ചത്. പൊലീസ് സ്പെഷൽ ഓഫിസർ ബി കൃഷ്ണകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി. മുരാരി ബാബു, വകുപ്പു മേധാവികളായ ടി.എൻ. സജീവ്, ഉമേഷ് ഗോയൽ, കേന്ദ്ര ദ്രുതകർമ സേന ഡപ്യൂട്ടി കമൻഡാന്റ് ജി.വിജയൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടത്തി
ശബരിമല∙ പമ്പയിൽ നാലാംഘട്ടം സേവനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം പൊലീസ് ഉദ്യോഗസ്ഥർക്കു മാർഗനിർദേശങ്ങൾ നൽകി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി.വിനോദ് കുമാർ, പമ്പ പൊലീസ് സ്പെഷൽ ഓഫിസർ കെഎപി 5 കമൻഡാന്റ് വി.ഡി.വിജയൻ, ജോയിന്റ് സ്പെഷൽ ഓഫിസർ പാലക്കാട് എഎസ്പി അശ്വതി ജിജി, അസി. സ്പെഷൽ ഓഫിസർ എറണാകുളം റൂറൽ നാർകോട്ടിക് സെൽ ഡിവൈഎസ്പി പി.പി.ഷംസ് തുടങ്ങിയവർ പങ്കെടുത്തു.
ഭക്തരുടെ വരവ് നിരീക്ഷിച്ച് സന്നിധാനത്ത് മുന്നൊരുക്കം
ശബരിമല ∙ ആശങ്കകൾക്കു നടുവിലാണു മണ്ഡല കാലം തുടങ്ങിയതെങ്കിലും കൃത്യമായി നടത്തിയ മുന്നൊരുക്കം ശബരിമല തീർഥാടനം സുഗമമാക്കിയതായി സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ പറഞ്ഞു.മണ്ഡലകാലം തുടങ്ങി ഒരു മാസം ഇന്നലെ പിന്നിട്ടു. വളരെ സന്തോഷത്തോടെയാണു ഭക്തർ ദർശനം നടത്തി മടങ്ങിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൃത്യമായ ഏകോപനമാണ് നടക്കുന്നത്. അതിനാൽ ഓരോ മണിക്കൂറിലും നിലയ്ക്കൽ എത്തുന്ന വാഹനങ്ങൾ, അതിൽ വരുന്ന ഏകദേശ തീർഥാടകരുടെ എണ്ണം എന്നിവ കൃത്യമായി അറിയാം.
തീർഥാടകരുടെ വലിയ പ്രവാഹം നിലയ്ക്കൽ കാണുമ്പോഴേ സന്നിധാനത്തും പമ്പയിലും അതിനുള്ള ക്രമീകരണങ്ങൾ തുടങ്ങും. ചാലക്കയം മുതൽ സന്നിധാനം വരെ സ്ഥാപിച്ച 89 ക്യാമറകൾ വഴി തിരക്ക് തത്സമയം നിരീക്ഷിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണെങ്കിൽ പമ്പയിൽ തീർഥാടകരെ വിശ്രമിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കി. ഇതിനായി നിർമിച്ച പന്തലും വിജയമാണ്. തിരുക്കു കൂടുമ്പോൾ പതിനെട്ടാംപടി കയറ്റുന്ന വേഗം കൂട്ടും. തിരക്ക് കുറവുള്ളപ്പോൾ അതിനനുസരിച്ചു കുറയ്ക്കും.
ശ്രീകോവിലിനു മുൻപിലെ തിക്കും തിരക്കുമായിരുന്നു മറ്റൊരു പ്രശ്നം. ഒന്നിലേറെ വശങ്ങളിൽ നിന്നു വരി വരുമ്പോഴുള്ള അനാവശ്യ തിരക്കായിരുന്നു അത്. പൂർണമായും ഇല്ലാതാക്കി. ഇപ്പോൾ ഒരു വശത്തുനിന്നുള്ള വരിയിലൂടെ മാത്രമാണു ദർശനം. ഒന്നിലേറെ വശങ്ങളിൽ നിന്നു വരി വരുമ്പോൾ സുഗമ ദർശനം സാധ്യമാകാതെ തീർഥാടകർ വീണ്ടും തൊഴാൻ ശ്രമിക്കുന്നത് പൊലീസിനു ബുദ്ധിമുട്ട് ഉണ്ടാക്കി. അവർ വേഗം തള്ളിവിടുമായിരുന്നു. നിയന്ത്രിച്ചതോടെ അതും കുറഞ്ഞു.
ദിവസേന 70,000 പേർക്കാണു വെർച്വൽ ക്യു വഴി പരമാവധി ദർശനം. സ്പോട് ബുക്കിങ് വരും ദിവസങ്ങളിൽ കൂടുമെന്നാണു കരുതുന്നത്. എത്ര കൂടിയാലും ഭക്തർക്കു സുഗമ ദർശനം ഏർപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തവണ നടപ്പാക്കിയ സ്വാമീസ് ചാറ്റ് ബോട്ടിനും മികച്ച പ്രതികരണമാണ്. തെലുങ്ക്, കന്നട,തമിഴ് ഭാഷയിൽ അത്യാവശ്യം ഭക്തരോട് സംസാരിക്കാനുള്ള പരിശീലനം പൊലീസുകാർക്കു നൽകിയിട്ടുണ്ട്.
സന്നിധാനത്തെ പൊലീസുകാരുടെ മൂന്നാം ഘട്ടം സേവനം ഇന്ന് തുടങ്ങും. പുതിയ സംഘത്തിലേക്കുള്ള പൊലീസുകാർ 2ദിവസം മുൻപേ എത്തി.മറ്റുള്ളവർക്ക് ഒപ്പം നിന്ന് അവർ ഇവിടുത്തെ ജോലി എന്താണെന്നു പഠിച്ചു. ഏറ്റവും കൂടുതൽ കാലം സന്നിധാനത്ത് സേവനം അനുഷ്ഠിച്ചുള്ള പരിചയമാണ് തനിക്ക് ഇത്തവണ സ്പെഷൽ ഓഫിസറാകാൻ അവസരം ലഭിച്ചത്. ഒപ്പം അസി.സ്പെഷൽ ഓഫിസറായി ടി.എൻ.സജീവ്, ജോയിന്റ് സ്പെഷൽ ഓഫിസറായി മാനന്തവാടി എഎസ്പി ഉമേഷ് ഗോയലും ഉണ്ട്.