എന്തു ചെയ്താലും നേരെയാവില്ലേ ഇട്ടിയപ്പാറ ടൗണിലെ വൺവേ?
Mail This Article
ഇട്ടിയപ്പാറ ∙ ശബരിമല തീർഥാടന കാലത്തെ ഗതാഗത നിയന്ത്രണത്തിനു പ്രത്യേകം ഗാർഡുകളെ നിയോഗിച്ചിട്ടും ടൗണിലെ വൺവേ കാര്യക്ഷമമാക്കാൻ നടപടിയില്ല. വിലക്കു ലംഘിച്ചു ചരക്കു ലോറികളും സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ കടന്നു പോകുന്നു. ഇട്ടിയപ്പാറ ടൗണിൽ മാമുക്ക്, കാവുങ്കൽപടി, പിജെടി ജംക്‌ഷൻ റോഡ്, കണ്ടനാട്ടുപടി, ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷൻ എന്നിവിടങ്ങളിലാണു തീർഥാടന കാലത്തേക്കു മാത്രമായി നിയമിച്ചിട്ടുള്ള പ്രത്യേക പൊലീസുകാരെ നിയോഗിച്ചിട്ടുള്ളത്. എന്നിട്ടും വൺവേ തെറ്റിച്ചോടുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുന്നില്ല.
ഇട്ടിയപ്പാറ ബൈപാസിൽ നിന്നു ബസ് സ്റ്റാൻഡിലേക്കു ബസുകൾ കടന്നു പോകുന്നതിനു താൽക്കാലിക റോഡ് ക്രമീകരിച്ചിട്ടുണ്ട്. ഇതിലെ തലങ്ങും വിലങ്ങും മറ്റു വാഹനങ്ങളും ഓടുകയാണ്. അന്യ വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തിയിട്ടുള്ള സ്റ്റാൻഡിനുള്ളിലൂടെയാണ് അവ നെട്ടോട്ടം നടത്തുന്നത്. മുൻപു ചെറിയ വാഹനങ്ങൾ മാത്രമായിരുന്നു ഓടിയിരുന്നത്. ഇപ്പോൾ ലോറികൾ ഉൾപ്പെടെ തലങ്ങും വിലങ്ങും പായുകയാണ്. അവയ്ക്കു മുന്നിൽപ്പെടാതെ യാത്രക്കാർ ഓടി മാറുന്ന കാഴ്ചയാണു സ്റ്റാൻഡിലുള്ളത്. അപകടം ഉണ്ടായ ശേഷം സുരക്ഷയൊരുക്കാതെ മുൻകരുതൽ സ്വീകരിക്കുകയാണു വേണ്ടത്.