ADVERTISEMENT

കടമ്മനിട്ട∙ പടയണിക്കോലങ്ങളുടെ ഗ്രാമത്തിന്റെ ഐശ്വര്യമായ സർക്കാർ സ്കൂളിന്, കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിനു നൂറിന്റെ നിറവ്. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ കാലത്തു കടമ്മനിട്ട നിരവത്താണ് ഈ പ്രാഥമിക വിദ്യാലയം ഉയർന്നത്. നാലാം ക്ലാസ് വരെയെങ്കിലും നാട്ടുകാർ പഠനം നടത്തുക എന്ന ലക്ഷ്യത്തോടെയാണു സ്കൂൾ സ്ഥാപിച്ചത്.ഒരു പ്രാഥമിക വിദ്യാലയമായി പിറവിയെടുത്ത ഈ സ്ഥാപനത്തിനു പിന്നിൽ അന്നു കരനാഥൻമാരായിരുന്ന രണ്ടു പേരുടെ പരിശ്രമത്തിന്റെ കഥയുണ്ട്.

മൺമറഞ്ഞുപോയ കാവുങ്കോട്ട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാരുടെയും ശ്രമം. തിരുവിതാംകൂർ രാജാവിനെ നേരിട്ടു മുഖം കാണിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമാണിയായ കരനാഥനായിരുന്നു ഗോവിന്ദക്കുറുപ്പ്. ഇംഗ്ലിഷ് വശമുള്ള ഗീവർഗീസ് കത്തനാർ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുമായി എഴുത്തുകുത്തു നടത്തിയിരുന്നു. ഇരുവരും ചേർന്നു പരിശ്രമിച്ചതിന്റെ ഫലമായാണു കടമ്മനിട്ട ഗ്രാമത്തിന് ഈ സ്കൂൾ ലഭിച്ചത്.

നിരവത്തു സ്ഥാപിച്ച സ്കൂൾ അവിടെ നിന്ന് 1932ൽ കടമ്മനിട്ട ജംക്‌ഷൻ ഭാഗത്തേക്കു മാറ്റി സ്ഥാപിച്ചു.നാട്ടുകാരുടെ ഒരുമിച്ചുള്ള പരിശ്രമത്തിൽ സ്കൂളിനു കെട്ടിടങ്ങൾ ഓരോന്നായി ഉയർന്നു വന്നു. 1954 ൽ പത്താം ക്ലാസ് പരീക്ഷ നടത്തി പൂർണരൂപത്തിൽ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർന്ന സ്കൂളിൽ 1997ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. നിലവിൽ എൽപി വിഭാഗം പ്രത്യേക സ്ഥാപനമായി സമീപത്തു തന്നെ പ്രവർത്തിക്കുന്നു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും 11, 12 ക്ലാസുകളുടെ ഹയർസെക്കൻഡറി വിഭാഗവും ഒരുമിച്ചു ചേർന്നാണു ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ നിലവിൽ പ്രവർത്തിക്കുന്നത്. കവി കടമ്മനിട്ട രാമകൃഷ്ണൻ, പടയണി ആചാര്യൻ പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള, ലോക്സഭ സെക്രട്ടറി ജനറൽ ആയിരുന്ന പി.ഡി.ടി ആചാരി, ഡോ.സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, പ്രശസ്ത വോളിബോൾ താരം സാജൻ തുടങ്ങിയ പ്രതിഭകൾ ഈ വിദ്യാലയത്തിന്റ സംഭാവനകളാണ്.ശതാബ്ദി ആഘോഷങ്ങൾ‌ 28ന് ആരംഭിച്ചു ജനുവരി 11നു സമാപിക്കുമെന്നു വാർഡ് അംഗം രമേശ് കടമ്മനിട്ട പറ‍ഞ്ഞു. പൂർവ വിദ്യാർഥി സമ്മേളനം, രക്ഷാകർതൃയോഗം, സാംസ്കാരിക സമ്മേളനം, കവിയരങ്ങ്, ഗാനസന്ധ്യ തുടങ്ങി വിവിധ പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്.

English Summary:

Kadamanitta Govt. Higher Secondary School celebrates its 100th anniversary. The school, renowned for its Padayani celebrations and notable alumni, has a rich history rooted in the village's efforts and the vision of its founders.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com