ആനകൾ ‘വാഴും’ കിഴക്ക്! കിഴക്കൻ മേഖലയിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷം
Mail This Article
സീതത്തോട് ∙ കിഴക്കൻ മേഖലയിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കാട് വിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകൾ നിർഭയരായാണ് ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. ഓരോ ദിവസവും ഏക്കർ കണക്കിനു സ്ഥലത്തെ കൃഷികൾ നശിക്കുമ്പോഴും ഇവയുടെ കടന്നുകയറ്റം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നാമമാത്രം.സീതത്തോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാട്ടാനകളുടെ ഭീഷണി നിലനിൽക്കുന്നത് കുന്നം, 22ാം ബ്ലോക്ക്, 75ാം ബ്ലോക്ക്,അള്ളുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ്.
സ്കൂളിനു സമീപത്തുംകാട്ടാന ഭീഷണി
ചിറ്റാർ പഞ്ചായത്തിൽ ഊരാമ്പാറ, ആറാട്ടുകുടുക്ക, മൺപിലാവ്, കൊടുമുടി, കാരിക്കയം പ്രദേശങ്ങൾക്കൊപ്പം ചിറ്റാർ സ്കൂളിനു സമീപത്തും കാട്ടാനകൾ ദിവസവും എത്തുന്നുണ്ട്. സ്കൂൾ പരിസരത്ത് ആനയെത്തുന്നതിനെ ഭീതിയോടെയാണ് വിദ്യാർഥികളും അധ്യാപകരും നോക്കിക്കാണുന്നത്. ചിറ്റാർ ഊരാമ്പാറയിൽ അള്ളുങ്കൽ വനത്തിൽ നിന്നു കക്കാട്ടാറ് കടന്ന് കഴിഞ്ഞ രണ്ട് മാസം തുടർച്ചയായി എത്തിയിരുന്ന രണ്ട് കാട്ടാനകളെ ഒരാഴ്ചയായി കാണാനില്ല. ചിറ്റാർ തോട്ടം ഗവ. എൽപി സ്കൂൾ, 86 മുസ്‌ലിം പള്ളിപ്പടി, ചിറ്റാർ തോട്ടം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇവയുടെ സാന്നിധ്യം. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട അള്ളുങ്കൽ വനത്തിലാണ് ഇവയുടെ വാസം.
ആനകളെ പ്രതിരോധിക്കാൻ 20 ലക്ഷം രൂപയോളം വിനിയോഗിച്ച് സൗരോർജ വേലി നിർമിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.ചിറ്റാർ ഗവ.സ്കൂളിനു 250 മീറ്റർ അകലെയുള്ള കൃഷി സ്ഥലത്ത് ഏതാനും ദിവസം മുൻപ് കാട്ടാന എത്തിയിരുന്നു. കാരിക്കയം വനത്തിൽ നിന്നുമാണ് ആന ഇറങ്ങിയത്.ആറാട്ടുകുടുക്കയിൽ 3 ആനകളുടെ സാന്നിധ്യമാണ് ഉള്ളത്. വയ്യാറ്റുപുഴ റോഡിൽ ഈട്ടിച്ചുവടിനു സമീപ പ്രദേശത്ത് ഹെക്ടർ കണക്കിനു സ്ഥലത്തെ കൃഷികൾ ഇതിനോടകം ആനകൾ നശിപ്പിച്ചു കഴിഞ്ഞു. കൊടുമുടി അഞ്ചുമുക്ക് മേഖലയിലും കാട്ടാനകൾ നിരന്തരമായി എത്തുന്നുണ്ട്.
നടപടി ഇല്ല
വ്യാപകമായ നാശമാണ് ആനകൾ വരുത്തുന്നത്. പകൽ ഇടക്കാട്ടിൽ നിന്ന ശേഷമാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നതെന്ന് കർഷകർ പറയുന്നു.വനപാലകർ താൽപര്യം കാട്ടിയാൽ ഇവയെ മണിക്കൂറുകൾക്കുള്ളിൽ കാട്ടിലേക്കു തുരത്താനാകും. ആനകൾ വന്നുപോകുന്നത് പതിവായിട്ടും പ്രതിരോധിക്കാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ വനപാലകർ എത്തി ബോധ്യപ്പെട്ട് തിരിച്ചുപോകും. പിറ്റേ ദിവസവും ആനയെത്തി ഇതുതന്നെയാണ് സ്ഥിതി. (തുടരും)
പകൽസമയത്തും കാട്ടാനയെത്തുന്നു
കട്ടച്ചിറ–മണിയാർ റോഡിലും കാട്ടാനകളുടെ സാന്നിധ്യം പകൽ സമയത്തും ഉണ്ട്. ആനകളെ ഭയന്ന് കൂട്ടം കൂടിയാണ് ആളുകൾ ഇതുവഴി പോകുന്നത്. വനത്തിലൂടെ ഏകദേശം 7 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ കട്ടച്ചിറയിൽനിന്നു മണിയാറിൽ എത്തൂ. ഏതാനും വർഷം മുൻപ് കട്ടച്ചിറ ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകർ അടങ്ങുന്ന സംഘം കാട്ടാനയുടെ മുന്നിൽപ്പെടുകയും ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.