ചതുപ്പിൽ വീണ് പോത്ത് ചത്തതറിഞ്ഞ് കുഴഞ്ഞു വീണ ഉടമസ്ഥൻ മരിച്ചു
Mail This Article
അടൂർ ∙ നാലു ദിവസം മുൻപ് വാങ്ങിയ പോത്ത് ചതുപ്പു നിലത്തേക്ക് വീണു ചത്തതറിഞ്ഞ് ഉടമസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. മങ്ങാട് ഗണപതി വിലാസം തെക്കേതിൽ രാമകൃഷ്ണൻ നായരാണ് (71) മരിച്ചത്. ഇന്നലെ വൈകിട്ട് 2.45നാണ് സംഭവം. വീടിനു സമീപം കെട്ടിയിട്ടിരുന്ന പോത്ത് കയർ കുരുങ്ങി ആറടിയോളം താഴ്ചയുള്ള ചതുപ്പിലേക്കു വീഴുകയായിരുന്നു.ചതുപ്പിൽ കിടന്ന തെങ്ങിൻ തടിയിൽ ഇടിച്ചു വീണതാകാം മരണ കാരണമെന്നു കരുതുന്നു. രാമകൃഷ്ണന്റെ മകൻ ബിജു പോത്തിനു വെള്ളം കൊടുക്കാനായി വന്നപ്പോഴാണ് പോത്ത് ചതുപ്പു നിലത്ത് വീണുകിടക്കുന്നത് കണ്ടത്. ബിജു കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതറിഞ്ഞെത്തിയ രാമകൃഷ്ണൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കർഷകനായ രാമകൃഷ്ണൻ 4 ദിവസം മുൻപാണ് 4 പോത്തുകളെ വാങ്ങിയത്. വീടിനോട് ചേർന്ന് ചെറിയ കട നടത്തിവരികയായിരുന്നു. സംസ്കാരം നാളെ 2.30ന്. ഭാര്യ: രാധാമണി. മക്കൾ: ആർ.ബിന്ദു, ആർ.സിന്ധു, ആർ.ബിജു. മരുമക്കൾ: ശിവശങ്കരൻ നായർ, മോഹൻകുമാർ, എസ്.അമൃത.അടൂരിൽ നിന്ന് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ അജീഷ്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിബു വി.നായർ, കൃഷ്ണകുമാർ, എസ്.സന്തോഷ്, മുഹമ്മദ്, സന്തോഷ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോത്തിനെ കരയ്ക്കെത്തിച്ചു.