തൂക്കത്തിലും അളവിലും ക്രമക്കേട്: 10.87 ലക്ഷം രൂപ പിഴ ഈടാക്കി
Mail This Article
ശബരിമല ∙ തൂക്കത്തിലും അളവിലും ക്രമക്കേട് കാട്ടിയ 181 കേസുകളിലായി കച്ചവടക്കാരിൽ ലീഗൽ മെട്രോളജി വിഭാഗം 10.87 ലക്ഷം രൂപ പിഴ ഈടാക്കി. തീർഥാടനം തുടങ്ങി ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്.അമിതവില, തൂക്കത്തിൽ കുറച്ചുവിൽക്കുക, രാത്രി കിടക്കാൻ പായയ്ക്കും തലയണയ്ക്കും നിശ്ചയിച്ച നിരക്കിൽ കൂടുതൽ വാങ്ങുക തുടങ്ങിയ കേസുകളിലാണ് ഇത്രയും വലിയ പിഴ ഈടാക്കിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമല പാത എന്നീ 4 മേഖലകൾ കേന്ദ്രീകരിച്ചാണു പരിശോധന നടന്നത്. സന്നിധാനത്തു 91 കേസിലായി 5.76 ലക്ഷം, പമ്പയിൽ 53 കേസുകളിലായി 2.70 ലക്ഷം,നിലയ്ക്കലിൽ 32 കേസുകളിലായി 2.22,ലക്ഷം, ശരണവഴികളിൽ 5 കേസിലായി 19,000 രൂപയുമാണു പിഴ ഈടാക്കിയത്.
ഡ്യൂട്ടി മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡ് കടകൾ, ഹോട്ടലുകൾ വിരികൾ, സ്റ്റാളുകൾ എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. സന്നിധാനത്തും പരിസരത്തുമായി 85 കടകൾ ഉണ്ട്. ചായ 150 മില്ലി ലീറ്റർ ഉണ്ടാകണമെന്നാണു നിബന്ധന എങ്കിലും പല കടകളിലും പാലിക്കപ്പെടുന്നില്ല. വിരിക്ക് 24 മണിക്കൂറിനു 30 രൂപയാണു വാടക. ഇതേ സമയത്തേക്കു പായ് 10 രൂപയും തലയണ 20 രൂപയുമാണു വാടക. മൊബൈൽ ചാർജ് ചെയ്യാൻ മണിക്കൂറിന് 20 രൂപയാണ്. എന്നാൽ മിക്ക സ്ഥലങ്ങളിലും അധിക നിരക്കുവാങ്ങുന്നെന്നാണ് ആക്ഷേപം.