ADVERTISEMENT

കോന്നി ∙ അവർ ഇന്ന് നാടിനോടും വീടിനോടും അവസാനമായി യാത്ര പറയും. ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേക്കു ഒന്നിച്ചു തന്നെ യാത്രയാകുന്നു, ഒപ്പം ഇരുവരുടെയും പിതാക്കന്മാരും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ (65), മകൻ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവർ മരിച്ചത്.

nikhil-anu-biju-eapen
മത്തായി ഈപ്പൻ, നിഖിൽ, അനു, ബിജു പി.ജോർജ്

നാലു പേരുടെയും സംസ്കാരം ഇന്ന് (19) ഒരുമിച്ച് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തും. മോർച്ചറിയിൽ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹങ്ങൾ രാവിലെ എട്ടോടെ പള്ളിയിൽ എത്തിക്കും. 12 വരെയുള്ള പൊതുദർശനത്തിനുശേഷം സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും. 

മധുവിധു ആഘോഷിച്ച് മലേഷ്യയിൽ നിന്ന് തിരികെയെത്തുന്ന നിഖിലിനെയും അനുവിനെയും വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴി മുറിഞ്ഞകല്ലിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ഇടിച്ച് അപകടമുണ്ടായത്. 8 വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30നാണ് ‌‌നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനു. വിവാഹത്തിന്റെയും ഇടവക പെരുന്നാളിന്റെയും സന്തോഷം മാറും മുൻപാണ് കുടുംബത്തിലെ 4 മരണങ്ങളുടെ ദുഃഖ വാർത്തയെത്തിയത്.

English Summary:

Tragedy strikes Konni, Kerala as four family members, including a newlywed couple returning from their honeymoon, perish in a fatal car accident. A joint funeral service will be held today at Pungav St. Mary's Malankara Catholic Church.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com