മോടിയാക്കാൻ ഒറ്റ യൂണിയൻ; പന്തളം കെഎസ്ആർടിസി പുത്തനായി
Mail This Article
പന്തളം ∙ പരിചരണമില്ലാത്തതിനാൽ വൃത്തിഹീനമായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം ജീവനക്കാർ പിരിവെടുത്ത് പെയ്ന്റ് ചെയ്ത് മോടിയാക്കി. യൂണിയൻ വ്യത്യാസമില്ലാതെ സ്റ്റേഷനിലെ 80ഓളം ജീവനക്കാരും ഇതിനായി വിഹിതം നൽകി. ശമ്പളം വൈകുന്നതടക്കം പ്രതിസന്ധികൾക്കിടയിലാണ് ജീവനക്കാർ ഇതിനായി കൈകോർത്തത്.
രമേശ് ചെന്നിത്തലയുടെ എംപി ഫണ്ട് ഉപയോഗിച്ചു 2004ൽ പൂർത്തിയാക്കിയതാണ് ഇരുനിലക്കെട്ടിടം. പിന്നീട് പരിചരണം നടത്തേണ്ടത് കോർപറേഷനായിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം അത് നടന്നില്ല. പഴക്കം കാരണം പല ഭാഗങ്ങളും വൃത്തിഹീനമായിരുന്നു. തുടർന്നാണ് ജീവനക്കാർ യോഗം ചേർന്ന് കെട്ടിടം മോടിയാക്കാൻ തീരുമാനമെടുത്തത്. മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് ഇവിടെ നിന്നു പമ്പ സർവീസുള്ളതിനാൽ തീർഥാടകരെത്തുന്നതും പരിഗണിച്ചിരുന്നു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സമീപത്തെ ശുചിമുറി കോംപ്ലക്സ് മുടങ്ങാതെ പ്രവർത്തിപ്പിക്കാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ഇനിയുള്ള ആവശ്യം.
അതേസമയം, 1983ൽ 28 സർവീസുകളുമായി തുടങ്ങിയ സ്റ്റേഷനിൽ നിന്നു വെട്ടിക്കുറച്ച പകുതിയോളം സർവീസുകൾ പുനഃസ്ഥാപിക്കാനും സ്റ്റാൻഡ് വികസനത്തിനും കോർപറേഷൻ അധികൃതർ തയാറാകുന്നില്ല.