വികസന, നവീകരണ പദ്ധതികൾക്ക് ശേഷവും എംസി റോഡിൽ പണികൾ ബാക്കി
Mail This Article
പന്തളം ∙ എംസി റോഡിൽ പറന്തൽ-മാന്തുക പാതയിൽ അപകടങ്ങൾ തുടർക്കഥയായിട്ടും നിർമാണജോലികൾ ഇനിയും പൂർത്തിയാക്കാനേറെ. 2002ലെ എംസി റോഡ് വികസന പദ്ധതിയും 2020ലെ എംസി റോഡ് നവീകരണപദ്ധതിയും നടപ്പാക്കിയശേഷവും ഓട നിർമാണം ഉൾപ്പെടെ ബാക്കി. സൂചനാ ബോർഡുകളുടെ കുറവും നിർമാണജോലികൾ പൂർത്തിയാക്കാത്തതും പലപ്പോഴും അപകടങ്ങൾക്ക് കാരണവുമാകാറുണ്ട്. അപകടങ്ങളുടെ കണക്കെടുപ്പിനെത്തുടർന്ന് കുരമ്പാലയും മാന്തുകയും ബ്ലാക്ക് സ്പോട്ടുകളായി നിർണയിച്ചിട്ടുണ്ടെങ്കിലും അവിടെയും ഓട നിർമാണമടക്കം ബാക്കിയാണ്.
ലോക ബാങ്ക് സഹായത്തോടെയുള്ള എംസി റോഡ് വികസനപദ്ധതി തുടങ്ങിയത് 2002ലാണെങ്കിലും പന്തളം–കുളനട ഭാഗങ്ങളിൽ പൂർത്തിയായത് 2007 കാലയളവിലാണ്. ഇക്കാലയളവിനുശേഷം പറന്തലിനും മാന്തുകയ്ക്കുമിടയിലുള്ള 9.5 കിലോമീറ്ററിനുള്ളിൽ മാത്രം 17 വർഷത്തിനുള്ളിൽ അപകടങ്ങളിൽ മരിച്ചത് 152 പേരാണ്. ഇവരിൽ 137 പേർ പുരുഷൻമാരും 15 പേർ സ്ത്രീകളും. 2 ഘട്ടങ്ങളിലായി തിരുവനന്തപുരം തൈക്കാട് മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് വികസനപദ്ധതിയിൽ നിർമാണജോലികൾ ഏറ്റവും വൈകിയത് പറന്തൽ, കുരമ്പാല, പന്തളം ഭാഗങ്ങളിലാണ്. സ്ഥലമെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ വർഷങ്ങൾ നീണ്ടതാണ് കാരണം. കുരമ്പാല, പന്തളം ഭാഗങ്ങളിൽ പദ്ധതിയുടെ നിർദിഷ്ട രൂപരേഖ പ്രകാരം സ്ഥലമേറ്റെടുക്കാത്ത ഭാഗങ്ങൾ ഇപ്പോഴുമുണ്ട്.
2020ലെ എംസി റോഡ് നവീകരണ പദ്ധതിയിൽ അടൂർ മുതൽ ചെങ്ങന്നൂർ വരെ 23.8 കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. ടാറിങ്, നടപ്പാത, കൈവരി, 19 ജംക്‌ഷനുകളുടെ നവീകരണം, ഓട നിർമാണം, വഴിവിളക്ക്, ക്രാഷ് ബാരിയർ, കലുങ്ക്, ബസ് ഷെൽറ്റർ തുടങ്ങിയവയായിരുന്നു പദ്ധതിയിൽ. 91.4 കോടി രൂപയുടെ പദ്ധതി പൂർത്തിയായത് 2022 അവസാനമാണ്. രണ്ടാമത്തെ പദ്ധതി നടപ്പാക്കിയിട്ടും ജോലികൾ ശേഷിച്ചെങ്കിലും കെഎസ്ടിപി ഗൗനിച്ചില്ല.
ഏറ്റവും കുടുതൽ അപകടങ്ങളുണ്ടായിട്ടുള്ള കുരമ്പാല ഇടയാടിയിൽ ഉൾപ്പെടെ ഓട നിർമാണം പൂർത്തിയായിട്ടില്ല. വഴിവിളക്കില്ലാത്തതിനാൽ രാത്രികാലങ്ങളിൽ കൂരിരുട്ടും. നഗരത്തിൽ കുറുന്തോട്ടയം പാലം മുതൽ തോന്നല്ലൂർ കാണിക്കവഞ്ചി ജംക്‌ഷൻ വരെ പടിഞ്ഞാറ് ഭാഗത്ത് ഓട നിർമിച്ചിട്ടേയില്ല. മൂടിയില്ലാത്ത ഓട പലപ്പോഴും ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടാൻ കാരണമാകുന്നു. കുരമ്പാല മൈനാപ്പള്ളിൽ ജംക്‌ഷനിൽ നിർദിഷ്ട സ്ഥലം ഏറ്റെടുക്കാതെ അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള കലുങ്ക് ഒട്ടേറെ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.