നിലയ്ക്കൽ ശുദ്ധജല പദ്ധതി: ട്രയൽ റൺ ആരംഭിച്ചു
Mail This Article
നിലയ്ക്കൽ ∙ ജലസേചന വകുപ്പിന്റെ ആസ്തിയും വിഭവ ശേഷിയും ഉപയോഗപ്പെടുത്തി ജല വിതരണത്തിലൂടെയല്ലാതെയും വരുമാനം ലഭിക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിലയ്ക്കൽ ശുദ്ധജല പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുന്ന മാർച്ചോടെ നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനം പൂർത്തിയാകും. പദ്ധതി കമ്മിഷൻ ചെയ്യുന്നതിനു മുഖ്യമന്ത്രി തന്നെ എത്തുമെന്നും മന്ത്രി പറഞ്ഞു. പ്രധാന ജല സംഭരണികളുടെ നിർമാണം പൂർത്തിയാകുന്നതോടെ സമീപ പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി പ്രകാരം വെള്ളം എത്തിക്കാനാകും.
സീതത്തോട്ടിലാണ് പദ്ധതിയുടെ ശുദ്ധീകരണ ശാലയും കിണറും. അവിടെ നിന്നും 21 കിലോമീറ്ററോളം കൂറ്റൻ പൈപ്പ് ലൈനിലൂടെയാണ് വെള്ളം നിലയ്ക്കൽ എത്തിക്കുന്നത്.20 ലക്ഷം സംഭരണ ശേഷിയുള്ള കൂറ്റൻ മൂന്ന് ജല സംഭരണികളിൽ വെള്ളം ശേഖരിച്ചാവും വിതരണം. ശുദ്ധീകരണ ശാലയിൽ നിന്നും വെള്ളം എത്തിയതോടെ ടാങ്കറിൽ വെള്ളം എത്തിക്കുന്ന പ്രവർത്തനങ്ങൾ വരും ദിവസം അവസാനിക്കും.
ചീഫ് വിപ്പ് എൻ ജയരാജ്, പ്രമോദ് നാരായൺ എംഎൽഎ, ബോർഡ് അംഗം ഉഷാലയം ശിവരാജൻ, നിലയ്ക്കൽ എഡിഎം അരുൺ എസ് നായർ, എസ്.പ്രേംജി,സുപ്രണ്ടിങ് എൻജിനീയർ കൃഷ്ണകുമാർ, ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ് പ്രവീൺ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.ആർ വിപിൻ ചന്ദ്രൻ, ഏബ്രഹാം വർഗീസ്, അസി.എക്സിക്യുട്ടീവ് എൻജിനീയർമാരായ നെൽസൺ,ബാബുരാജ്, മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.