പത്തനംതിട്ട ജില്ലയിൽ ഇന്ന് (19-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഫാം പ്ലാൻ അധിഷ്ഠിത വികസന പദ്ധതിയിൽഅംഗമാകാം;മെഴുവേലി ∙ പഞ്ചായത്ത് കൃഷിഭവന്റെ പരിധിയിലെ കർഷകർക്കായി ഫാം പ്ലാൻ അധിഷ്ഠിത വികസന പദ്ധതിയിൽ അംഗമാകുന്നതിനു വ്യക്തിഗത കർഷകർക്കും കൂട്ട് കൃഷി കർഷകർക്കും അപേക്ഷിക്കാം. 10 സെന്റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം. കൃഷിയോടൊപ്പം കോഴി, താറാവ് വളർത്തൽ, പശു, ആട് വളർത്തൽ, മത്സ്യക്കൃഷി, തേനീച്ചവളർത്തൽ എന്നീ കർഷകർക്ക് മുൻഗണന. കരം അടച്ച രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. അപേക്ഷകൾ കൃഷി ഭവൻ ഓഫിസിൽ നൽകണം. അവസാന തീയതി 21.
താൽക്കാലിക നിയമനം
അടൂർ∙ ജനറൽ ആശുപത്രിയിൽ ക്ലീനിങ് വിഭാഗത്തിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി–40 വയസ്സ് (2024 ജനുവരി ഒന്നിന്), യോഗ്യത-ഏഴാംക്ലാസ്. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ സഹിതം 23 രാവിലെ 10ന് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം.
സാക്ഷ്യപത്രം നൽകണം
ഏഴംകുളം∙ പഞ്ചായത്തിൽ കഴിഞ്ഞ സെപ്റ്റംബർ 30 വരെ വിധവാ പെൻഷൻ, 50 വയസ്സു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിച്ച 60 വയസ്സിന് താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹിത/വിവാഹിത അല്ലെന്ന് ഉള്ള സാക്ഷ്യപത്രം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടിക്കാഴ്ച 21 ന്
അടൂർ ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അടൂർ അപ്ലൈഡ് സയൻസ് കോളജിൽ ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തി പാനൽ തയാറാക്കുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം കോളജിൽ എത്തണം. 04734–224076.