തുടങ്ങിവച്ചു, പിന്നെ നിലച്ചു പാട്ടപ്പുരയിടം പാലത്തിന്റെ സമീപനപാത
Mail This Article
ആനിക്കാട് ∙ പഞ്ചായത്തിലെ പുന്നവേലി വലിയതോട്ടിലെ പാട്ടപ്പുരയിടം പാലത്തിന്റെ സമീപനപാത നിർമാണം ദിവസങ്ങൾക്കുശേഷം നിലച്ചു.നേരത്തെ മഴ കനത്തു പെയ്തതോടെ തോട്ടിലെ ജലനിരപ്പുയർന്നതാണു പണികൾ നിർത്തിവയ്ക്കാൻ കാരണമായത്. എന്നാൽ മഴ നീങ്ങിയെങ്കിലും പണികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പാലത്തോടു ചേർന്നു തോടിന്റെ വശത്തു വാനമെടുത്ത് കുറേയിടങ്ങളിൽ കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിനിടയിലാണു ശക്തമായ മഴയിൽ തോട്ടിലെ ജലനിരപ്പുയർന്നത്.
പാട്ടപ്പുരയിടത്തിൽനിന്നു കുരുന്നംവേലിയിലേക്കുള്ള റോഡിൽ പാട്ടപ്പുരയിടത്തിൽ ഉണ്ടായിരുന്ന പാലം ഇടുങ്ങിയതും ബലക്ഷയത്തിലുമായിരുന്നു. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകുന്നതിനും കഴിയുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമായാണു വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധത്തിലുള്ള പാലത്തിനു പദ്ധതിയിട്ടത്. എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നു 40 ലക്ഷം രൂപ ചെലവഴിച്ച് 7.9 മീറ്റർ നീളമുള്ള ഒരു സ്പാൻ പാലം പൂർത്തീകരിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 10 ലക്ഷം രൂപ വിനിയോഗിച്ചു പാലത്തിനോടു ചേർന്ന് 16.9 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമിച്ചുവെങ്കിലും സഞ്ചാരയോഗ്യമായിരുന്നില്ല.
2022 മേയ് 18നു സംരക്ഷണഭിത്തി പൂർത്തിയാക്കിയതെങ്കിലും സമീപനപാത നിർമിക്കാഞ്ഞതിനാൽ ഗതാഗതത്തിന് അനുയോജ്യമായില്ല. സമീപനപാതയ്ക്കായി എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുകയുടെ നിർമാണപ്രവൃത്തികളാണ് ഇപ്പോൾ നടത്തുന്നത്. ഇതാണു നിലച്ചിട്ടും വീണ്ടും തുടങ്ങാൻ നടപടിയില്ലാത്തത്.