സുരക്ഷിതയാത്രയ്ക്കു വഴിയൊരുക്കി വഴി നിറയെ സാന്താക്ലോസുമാർ
Mail This Article
കൈപ്പട്ടൂർ∙ ക്രിസ്മസ് ആഘോഷത്തിന് തിരികൊളുത്തി കൈപ്പട്ടൂരിൽ ഇന്നലെ രാവിലെ ക്രിസ്മസ് അപ്പൂപ്പൻമാർ നിറഞ്ഞു. ഇവരുടെ കയ്യിൽ കരുതിയിരുന്നത് മധുരപലഹാരങ്ങളും സമ്മാനങ്ങളും മാത്രമായിരുന്നില്ല. റോഡിലെ സുരക്ഷിതമായ യാത്രയ്ക്ക് സ്വീകരിക്കേണ്ട മുൻകരുതലുകൾ സൂചിപ്പിച്ചുള്ള പ്ലക്കാർഡുകളും ലഘുലേഖകളും ക്രിസ്മസ് പാപ്പമാരുടെ കരങ്ങളിൽ ഉയർന്നു. പാതകളിലെ വാഹനങ്ങളുടെ പരക്കംപാച്ചിലും അശ്രദ്ധയും സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ച് ലളിതമായ വാക്കുകളിൽ ഡ്രൈവർമാർക്ക് സാന്താക്ലോസുമാർ അവബോധം നൽകി. കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് റോഡ് സുരക്ഷ ബോധവൽക്കരണവും നടത്തിയത്. ഇരുന്നൂറിലധികം വിദ്യാർഥികളാണ് ക്രിസ്മസ് പാപ്പമാരുടെ വേഷമണിഞ്ഞ് കൈപ്പട്ടൂർ ജംക്‌ഷനിൽ എത്തിയത്.
റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഉദ്ഘാടനം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ്.പ്രജു നിർവഹിച്ചു. ഇദ്ദേഹവും വിദ്യാർഥികൾക്കൊപ്പം ചേർന്ന് ലഘുലേഖകളും സന്ദേശവും ഡ്രൈവർമാർക്ക് കൈമാറി. അമിത വേഗത്തിലും മദ്യപിച്ചും വാഹനം ഓടിക്കരുത്, അശ്രദ്ധയും അനാവശ്യ ഓവർടേക്കിങ്ങും ഒഴിവാക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ നിർബന്ധമായും ധരിക്കുക എന്നീ നിർദേശങ്ങളും ക്രിസ്മസ് ആശംസകൾക്കൊപ്പം ഇവർ കൈമാറി. സ്കൂളിൽ നടത്തിയ ആഘോഷത്തിൽ ഫാ.എബി സ്റ്റീഫൻ ക്രിസ്മസ് സന്ദേശം നൽകി.
സ്കൂൾ മാനേജർ ഫാ. ജോർജ് പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ ജോസ് ജോർജ്, പ്രഫ. ജി.ജോൺ, പ്രസാദ് തെരുവിൽ, ഏബ്രഹാം എം.ജോർജ്, സാമുവൽ ഇടയരിത്തുമലയിൽ, കോശി സ്കറിയ, കൈപ്പട്ടൂർ തങ്കച്ചൻ, റോബിൻ തോളൂർ, ഷാജി തൈപ്ലാവിള, ബീനാ വർഗീസ്, ഷേർലി രാജു, മോനി സൂസൻ ജോൺ, വിൽസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.