കാൽവഴുതി ഗർഭിണി കിണറ്റിൽ വീണു; രക്ഷിച്ച് അഗ്നിരക്ഷാസേന
Mail This Article
മല്ലപ്പുഴശേരി ∙ കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 38 വയസ്സുള്ള യുവതിയാണ് കിണറ്റിൽ അകപ്പെട്ടത്. വിവരം അറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയപ്പോൾ കിണറ്റിനുള്ളിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ച നിലയിലായിരുന്നു യുവതി. ഓഫിസർമാരായ എസ്.അസീം, വി.ഷൈജു എന്നിവർ കിണറ്റിൽ ഇറങ്ങി. സുരക്ഷാവല ഉപയോഗിച്ച് കരയിലെത്തിച്ചു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും കാര്യമായ കുഴപ്പമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫിസർ ആർ.അഭിജിത്തിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.സാബു, എസ്.രഞ്ജിത്ത്, ഇ.നൗഷാദ്, എസ്.ഫ്രാൻസിസ്, ജെ.മോഹനൻ, ടി.എസ്.അജിലേഷ്, കെ.പി.ജിഷ്ണു, ഹോം ഗാർഡ് ആർ.വിനയചന്ദ്രൻ, സിവിൽ ഡിഫൻസ് വൊളന്റിയർ മനു മോഹൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.