മുറിഞ്ഞകൽ മേഖലയിൽ വീണ്ടും അപകടം
Mail This Article
മുറിഞ്ഞകൽ ∙ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേ മുറിഞ്ഞകൽ മേഖലയിൽ വീണ്ടും വാഹനാപകടം. മുറിഞ്ഞകൽ ജംക്‌ഷനിൽ തമിഴ്നാട് സ്വദേശിയായ തീർഥാടകന്റെ ബൈക്ക് ടിപ്പർലോറിയുടെ അടിയിൽപ്പെട്ടാണ് ഇന്നലെ അപകടമുണ്ടായത്. അപകടത്തിൽപെട്ടയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45നാണ് സംഭവം. ബൈക്കിൽ ശബരിമലയിലേക്കു പോകുകയായിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി തമിഴരശനാണ് (32) അപകടത്തിൽപെട്ടത്. കൂടൽ ഭാഗത്തുനിന്ന് വന്ന ടിപ്പർലോറിക്കു പിന്നിലായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്.
മുറിഞ്ഞകൽ ജംക്‌ഷനിൽനിന്ന് അതിരുങ്കൽ റോഡിലേക്ക് തിരിഞ്ഞ ടിപ്പർലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തമിഴരശൻ തെറിച്ചു റോഡിലേക്കു വീഴുകയും ബൈക്ക് ലോറിക്കടിയിൽപെടുകയുമായിരുന്നു. ബൈക്കിൽനിന്നു തെറിച്ചു വീണതിനാൽ തമിഴരശൻ ലോറിക്കടിയിൽപെട്ടില്ല. വീണതിനെ തുടർന്നുണ്ടായ നിസ്സാര പരുക്കുകൾ മാത്രമാണ് ഉണ്ടായത്. പിന്നീട് കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർലോറി അതിരുങ്കൽ റോഡിലേക്ക് തിരിയുന്നത് അറിയാതെ വന്നതാണ് പിന്നാലെ വന്ന ബൈക്ക് അപകടത്തിൽപെടാൻ കാരണം. സംഭവത്തിൽ ലോറി ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു.
അപകട മേഖലയായി മുറിഞ്ഞകൽ
അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ അടുത്ത സമയത്ത് ഒട്ടേറെപ്പേരാണ് മരിച്ചത്. ജംക്‌ഷനു തൊട്ടുമുൻപ് കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾ ഇന്നലെയാണ് നടന്നത്. അന്ന് വൈകിട്ട് ടിപ്പർലോറി കയറി കൂടൽ അമ്പല ജംക്‌ഷനിലും ഒരാൾ മരിച്ചിരുന്നു. മൂന്ന് ദിവസം മുൻപ് ബൈക്ക് നിയന്ത്രണംവിട്ട് ഇടിതാങ്ങിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചത് സമീപ പ്രദേശമായ വകയാറിലായിരുന്നു.
ഹൈവേയിൽ വേണം അധിക ശ്രദ്ധ
ഉന്നതനിലവാരത്തിൽ നിർമിച്ചിരിക്കുന്ന റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ പൊതുവേ ഡ്രൈവർമാർക്ക് വാഹനത്തെ അധികമായി നിയന്ത്രിക്കേണ്ട ആവശ്യമില്ല.നല്ല റോഡും നല്ല ഡ്രൈവിങ് അന്തരീക്ഷവും ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കാനുള്ള സാധ്യതയേറെയാണ്. മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിച്ചു മാത്രം ഹൈവേയിൽ വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നലെ ഉണ്ടായ അപകടത്തിന്റെ കാരണവും ഇതു തന്നെയാണെന്ന് വിദഗ്ധർ പറയുന്നു.