സപ്ലൈകോ ഗോഡൗണിലെത്തിയ 2280 ചാക്ക് അരി മോശം; തിരിച്ചയയ്ക്കാൻ റിപ്പോർട്ട്
Mail This Article
പത്തനംതിട്ട ∙ കോഴഞ്ചേരി താലൂക്കിന്റെ കുലശേഖരപ്പേട്ടയിലുള്ള സപ്ലൈകോ ഗോഡൗണിലേക്കെത്തിയ 5 ലോറി അരി പരിശോധനയിൽ മോശമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചയയ്ക്കാൻ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമെത്തിയ 2280 ചാക്ക് അരിയാണ് നിലവാരമില്ലാത്തതിനാൽ തിരിച്ചയയ്ക്കാൻ ക്വാളിറ്റി ചെക്കർ റിപ്പോർട്ട് നൽകിയത്. ഇന്ന് കാലടിയിൽനിന്ന് വിദഗ്ധസംഘമെത്തി പരിശോധിച്ചശേഷം അരി മില്ലിലേക്ക് തിരിച്ചയയ്ക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
എറണാകുളം കാലടിയിലുള്ള ജെബിഎസ് അഗ്രോ മില്ലിൽനിന്ന് അരിയുമായി എത്തിയ ലോറികൾ ഗോഡൗണിനു സമീപം നിർത്തിയിട്ടിരിക്കുന്നതിനാൽ ഗോഡൗണിലേക്ക് മറ്റു വാഹനങ്ങൾക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരം കാണാൻ ലോറി ഡ്രൈവർമാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. രണ്ടുദിവസമായി ഇവർ താമസസൗകര്യമടക്കം ഇല്ലാതെ ബുദ്ധിമുട്ടിലാണ്. വാഹനത്തിലും സമീപത്തുമായാണ് വിശ്രമിക്കുന്നത്. മില്ല് ഉടമയുടെ ഭാഗത്തുനിന്ന് ലോഡ് തിരിച്ചുകൊണ്ടുപോകാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.