ദേവിയും മഹാദേവനും വാഴും ഇലങ്കത്തിൽ നവഗ്രഹ ക്ഷേത്രം
Mail This Article
ചൂരക്കോട് ∙ ഉഗ്ര രൂപിണിയും ദാരിക നിഗ്രഹം കഴിഞ്ഞു വരുന്ന ഭാവത്തിൽ നിൽക്കുന്ന ഭദ്രകാളി ദേവിയും കിഴക്ക് ദർശനമായി മഹാദേവനും ഈശാന പാദത്തിൽ വാഹനങ്ങളോടു കൂടിയ നവഗ്രഹങ്ങളുമായി കുടി കൊള്ളുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇലങ്കത്തിൽ ഭദ്രകാളീ നവഗ്രഹ ക്ഷേത്രം. മണ്ഡല കാലം ആരംഭം മുതൽ 12 ദിവസമാണ് ചിറപ്പുത്സവം. തുടർന്ന് 41 ന് വിശേഷാൽ ദീപാരാധനയും സമർപ്പിക്കും.
നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ എത്തിയ ബ്രാഹ്മണ കുടുംബം അവരുടെ ആരാധനാ മൂർത്തിയായ ഭദ്രകാളീ ദേവിയെ കളരി പണിത് ആരാധിച്ചു പോന്നു. കാലക്രമേണ ബ്രാഹ്മണ കുടുംബം വേരറ്റു പോകുകയും ക്ഷേത്രം ഇലങ്കത്തിൽ കുടുംബത്തിന്റെയും നാട്ടുകാരുടെയും അധീനതയിലാവുകയും ചെയ്തു. തുടർന്ന് ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമിക്കുയും ചെയ്തു. ഗണപതി, രക്ഷസ്, യോഗീശ്വര സ്വാമി, മറുത, അറുകൊല, പേയ്, മൂർത്തി, മാടസ്വാമി, യക്ഷിയമ്മ, നാഗ രാജാവ്, നാഗ യക്ഷി, എന്നിവയാണ് ഉപ ദേവത ക്ഷേത്രങ്ങൾ.
ആചാരവും ഉത്സവവും
വൃശ്ചികം, ധനു മാസങ്ങളിലെ മകയിരം നാളിൽ അമ്മയെ പുറത്ത് എഴുന്നള്ളിക്കുന്നു. ചടങ്ങിൽ ക്ഷേത്രം കുടുംബ പ്രതിനിധി വാളും ചിലമ്പും, വെട്ടികുളത്തു കാവ് പ്രതിനിധി ചൂരലും എടുത്ത് എഴുന്നള്ളത്തിൽ അകമ്പടി സേവിക്കുന്നു. മകരത്തിലെ മകയിരം നാളിൽ തിരു ഉത്സവത്തിന് അമ്മയുടെ ബന്ധു ജനങ്ങളെ കാണാൻ ഇറങ്ങുന്ന അതി വിശിഷ്ടമായ ചടങ്ങുമുണ്ട്. അതിനുശേഷം 5 കരകളിൽ ചെന്ന് കരക്കാർ ഒരുക്കുന്ന കെട്ടുകാഴ്ചയും കൂട്ടി അമ്മ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളുന്നു. മീന മാസത്തിലെ അശ്വതി നാളിൽ അമ്മ കൊടുങ്ങല്ലൂർ ഭരണിക്ക് യാത്രയാകുന്ന ചടങ്ങും, കാർത്തിക നാളിൽ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നുള്ളുന്നതും അതിശ്രേഷ്ഠവും അപൂർവവുമായ ചടങ്ങാണ്. ഫെബ്രുവരി 6 മുതൽ 8 വരെയാണ് ഉത്സവം. 6ന് രാവിലെ 5.30ന് പൊങ്കാലയും 8ന് വൈകിട്ട് 4 ന് കെട്ടുകാഴ്ച സമർപ്പണവും നടക്കും.
പ്രധാന വഴിപാടുകൾ
നിത്യവും ദേവിക്ക് സെറ്റും മുണ്ടും ഉടയാടയായി ചാർത്തുന്ന ക്ഷേത്രമാണ്. സെറ്റും മുണ്ടും സമർപ്പണം, പട്ടും വാളും സമർപ്പണം, കൈവട്ടക ഗുരുതി, കുങ്കുമാഭിഷേകം, നവഗ്രഹ പൂജ, ശനീശ്വര പൂജ, കളമെഴുത്തും പാട്ടും, മൃത്യുഞ്ജയാർച്ചന, സ്വയംവര ഹോമം, മാടനൂട്ട്, വറനിവേദ്യം, വെള്ളം കുടി നിവേദ്യം എന്നിവയും പ്രധാന വഴിപാടുകളാണ്. എല്ലാ മലയാള മാസവും മകയിരം നാളിൽ രാവിലെ മഹാ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതി സേവ എന്നിവ നടക്കും.
എല്ലാ വർഷവും നവാഹ യജ്ഞത്തോടനുബന്ധിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. അടൂർ–മണ്ണടി റൂട്ടിൽ കളത്തട്ട് ജംക്‌ഷൻ വഴിയും, എംസി റോഡിൽ നിന്ന് വടക്കടത്തുകാവ്–കളത്തട്ട് വഴിയും, അടൂർ–ശാസ്താംകോട്ട റോഡിൽ നിന്ന് മണക്കാല –ചിറ്റാണി ജംക്‌ഷൻ വഴിയും, കടമ്പനാട് നിന്ന് മാഞ്ഞാലി–ചിറ്റാണി ജംക്‌ഷൻ വഴിയും ക്ഷേത്രത്തിൽ എത്താവുന്നതാണ്.
ഭാരവാഹികൾ
ടി.ഡി.സജി (രക്ഷാധികാരി), രാജുക്കുട്ടൻ (പ്രസിഡന്റ്), പ്രമോദ് (വൈസ് പ്രസിഡന്റ്), സദാശിവൻ (സെക്രട്ടറി), അനിൽകുമാർ (ട്രഷറർ), ബിനുകുമാർ (ജോയിന്റ് സെക്രട്ടറി).