സൂപ്പറാണ്, സജീവിന്റെ 111 ദിനവിശേഷങ്ങൾ; വിസ്മരിക്കപ്പെടാനാവാത്ത വിശേഷദിനങ്ങളെ കോർത്തിണക്കി
Mail This Article
പത്തനംതിട്ട∙ കാലം കലണ്ടർ പോലെയാണ്. കലണ്ടറിലെ ചുവന്ന ദിനങ്ങൾ പോലെ കണ്ടുപിടിത്തങ്ങളും മഹാൻമാരുമെല്ലാം ചില ദിവസങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. വിസ്മരിക്കപ്പെടാനാവാത്ത വിശേഷദിനങ്ങളെ കോർത്തിണക്കുകയാണ് 111 ദിനവിശേഷങ്ങൾ എന്ന തന്റെ പുസ്തകത്തിലൂടെ സജീവ് മണക്കാട്ടുപുഴ. കൊല്ലം പത്തനാപുരം മണക്കാട്ടുപുഴ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിൽ എസ്ഐ ആണ്.സുഹൃത്തുക്കൾക്ക് ശുഭദിനാശംസകൾക്കൊപ്പം അതതു ദിവസത്തെ പ്രത്യേകതകൾ കൂടി ചേർത്ത് കുറിപ്പ് തയാറാക്കി അയയ്ക്കുന്ന ശീലമാണ് പുസ്തകത്തിന്റെ രചനയിലേക്കു നയിച്ചത്. വിഷയാധിഷ്ഠിതവും വ്യക്തിയധിഷ്ഠിതവുമായ വിവരങ്ങളെ അറിവ് ചോർന്നു പോകാതെയും ലളിതമായും അവതരിപ്പിച്ച ചെറുകുറിപ്പുകൾ പുസ്തകമായി മാറാൻ 3 വർഷങ്ങളെടുത്തു.
പരാമവധി ദിന വിശേഷങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഒട്ടേറെ പേജുകളുള്ള വലിയ പുസ്തകമാകും എന്നതിനാൽ 111 എണ്ണത്തിലേക്കു ചുരുക്കിയാണു പുസ്തകരൂപത്തിലാക്കിയത്. വിദ്യാർഥികൾക്കും മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കുമുൾപ്പടെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ദിനവിശേഷങ്ങളുടെ പ്രസാദകർ കോഴിക്കോട് തിങ്ക‌്‌ലി പബ്ലിക്കേഷൻസാണ്. സജീവ് മണക്കാട്ടുപുഴയുടെ രണ്ടാമത്തെ പുസ്തകമാണ് ഇത്. 2021ൽ പ്രസിദ്ധീകരിച്ച കല്ലു പെൻസിൽ എന്ന കഥാസമാഹാരമാണ് ആദ്യത്തേത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ ‘സല്യൂട്ട്’, ' പരേഡ് ' എന്നീ കഥാസമാഹാരങ്ങളിലും സജീവിന്റെ കഥകൾ ഉണ്ടായിരുന്നു.
പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയശേഷം പൊലീസ് സേനയിലെത്തിയ സജീവ്, ആറു വർഷത്തിലധികമായി ജില്ലാ പൊലീസ് മീഡിയ സെല്ലിന്റെ ചുമതല വഹിച്ച് പൊലീസ് വാർത്തകൾ തയാറാക്കിവരുന്നു. മികച്ച റിപ്പോർട്ടിങ്ങിനും സർഗസൃഷ്ടികളുടെ പേരിലും നിരവധി തവണ ജില്ലാ പൊലീസ് മേധാവിമാരുടെ സൽസേവന പത്രം കരസ്ഥമാക്കിയ സജീവ്, സാഹിത്യ മേഖലയിൽ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.