കെണിയിൽ കുടുങ്ങി 3 വയസ്സുള്ള പെൺപുലി
Mail This Article
കോന്നി∙കൂടൽ പാക്കണ്ടത്തു നിന്നു മൂന്നാമത്തെ പുലിയും കെണിയിൽ കുടുങ്ങി. ഏഴുമാസം മുൻപ് വനംവകുപ്പ് അധികൃതർ പാക്കണ്ടം നിരവേൽ ഗോപിനാഥന്റെ വാഴത്തോട്ടം ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണു പുലി അകപ്പെട്ടത്. 2 മാസം മുൻപ് ഇഞ്ചപ്പാറ ഭാഗത്തെ റബർതോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ മറ്റൊരു പുലി അകപ്പെട്ടിരുന്നു. അവിടെ നിന്നു 50 മീറ്റർ മാത്രം അകലെയാണ് ഇന്നലെ പുലി കൂട്ടിൽ വീണത്. പുലർച്ചെയാണു സംഭവമെന്നാണു കരുതുന്നത്. ഇന്നലെ രാവിലെ 11ന് ഗോപിനാഥനാണ് പുലിയെ ആദ്യം കാണുന്നത്. തുടർന്ന് വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.
കോന്നിയിൽ നിന്ന് ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് സ്ഥലത്തെത്തി കൂട് ഉൾപ്പെടെ പുലിയെ വാഹനത്തിൽ കയറ്റി ഗവി വനമേഖലയിലെത്തിച്ച് തുറന്നു വിട്ടു. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ബി.ജി.സിബിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഒക്ടോബർ 29നാണ് ഇഞ്ചപ്പാറ റബർതോട്ടത്തിൽ സ്ഥാപിച്ചിരുന്ന കൂട്ടിൽ മറ്റൊരു പുലി അകപ്പെട്ടത്. മൂന്ന് വയസ്സുള്ള പെൺപുലിയായിരുന്നു അത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പാക്കണ്ടത്ത് വള്ളിവിളയിൽ രണേന്ദ്രന്റെ വീടിനു സമീപത്തു വച്ചിരുന്ന കൂട്ടിൽ പുലി കുടുങ്ങിയത്.
ഇഞ്ചപ്പാറ, പാക്കണ്ടം മേഖലയിൽ ജനവാസ കേന്ദ്രത്തിലെത്തി ഒട്ടേറെ ആടുകളെയും പശുക്കളെയും കൊന്നു തിന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. അന്ന് ഒരു പുലി കുടുങ്ങിയെങ്കിലും ഏതാനും മാസങ്ങളായി രാക്ഷസൻപാറയുടെ അടിവാരത്ത് ആളുകൾ സ്ഥിരമായി പുലിയെ നേരിൽ കാണുന്ന സംഭവം ഉണ്ടായതിനെ തുടർന്നാണ് ഇവിടെ കൂട് സ്ഥാപിച്ചത്.