ആരു കേൾക്കാൻ ഈ പരാതികൾ; തേങ്ങാപ്പാറമുരുപ്പ്, വാളുവട്ടുംപാറ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം
Mail This Article
പത്തനംതിട്ട∙ വെള്ളത്തിനു വേണ്ടി മൈലുകൾ താണ്ടുന്ന ഒരു ജനത നഗരസഭയിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന ചുരുളിക്കോടു തേങ്ങാപ്പാറ മുരുപ്പിലുണ്ട്. ചുരുളിക്കോട് ജംക്‌ഷനിൽ നിന്നു കുത്തനെയുള്ള കയറ്റം കയറിയാൽ വാളുവട്ടുംപാറയിലെത്തും അവിടെ നിന്നു 5 മിനിറ്റു സഞ്ചരിച്ചാലെത്തുന്ന തേങ്ങാപ്പാറ മുരുപ്പിൽ ജലക്ഷാമം കൊണ്ടു വലയുന്ന ഒട്ടേറെ വീട്ടുകാരുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയായിട്ടും തങ്ങളുടെ പ്രശ്നം അധികാരികൾ മനസിലാക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
വെള്ളത്തിനായി കേഴുന്ന ജനത
ചുരുളിക്കോട് – തേങ്ങാപ്പാറ മുരുപ്പ് നിവാസികൾക്കു വെള്ളം എന്നാൽ വിലമതിക്കാനാവാത്തതാണ്. പ്രദേശവാസികൾ വർഷങ്ങളായി കുടിക്കുന്ന വെള്ളം പണം കൊടുത്തു വാങ്ങുന്നു. മഴക്കാലത്ത് ഓലികളിൽ നിന്നുള്ള വെള്ളമാണ് കുളിക്കാനും തുണികഴുകാനും ഉപയോഗിക്കുന്നത്. വേനൽക്കാലമാകുമ്പോൾ കുളങ്ങൾ വറ്റുന്നതിനാൽ ജനജീവിതം പ്രതിസന്ധിയിലാകുന്നു. ഊറ്റുകളിൽ നിന്നു വരുന്ന വെള്ളം ചെറിയ ബക്കറ്റുകളിലാക്കി ദൈനംദിനാവശ്യങ്ങൾക്കായി പിടിച്ചു വച്ചാണ് ഉപയോഗിക്കുന്നത്.
ചർച്ച ഇന്ന്
വിവിധ വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, നഗരസഭാ സെക്രട്ടറി, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുക്കും. വർഷങ്ങളായി നടക്കുന്ന ചർച്ചകൾ കൊണ്ടു പ്രത്യേകിച്ച് പ്രയോജനമൊന്നും ഇവിടുത്തുകാർക്ക് ഉണ്ടായിട്ടില്ല. കനിവിനായി കാത്തിരിക്കുകയാണ് തേങ്ങാപ്പാറമുരുപ്പ് നിവാസികളും.
കുഴൽക്കിണറിലും വെള്ളമില്ല
‘6 വർഷം മുൻപാണ് വീട്ടിൽ കുഴൽ കിണർ സ്ഥാപിച്ചത്. കുറച്ചുനാൾ വെള്ളം കിട്ടിയിരുന്നു. പിന്നീട് വെള്ളം തീരെ കിട്ടാതായപ്പോൾ പണം കൊടുത്തു വാങ്ങാൻ തുടങ്ങി’– വാളുവട്ടുംപാറയിലെ ജോൺസൺ ചേട്ടന്റെ വാക്കുകളാണിത്. വാളുവട്ടുംപാറയിലും തേങ്ങാപ്പാറയിലും വെള്ളമെത്തിക്കുന്ന സുരേന്ദ്രനില്ലെങ്കിൽ വെള്ളം കുടി മുട്ടുന്ന അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. മഴവെള്ളം ശേഖരിക്കുന്നതിനായി വീടുകളിൽ ജലസംഭരണികൾ നിർമിച്ചിരിക്കുന്നത് വേനൽക്കാലത്ത് ആശ്വാസമാണ്.