അധികാരികളേ, ജീവജലത്തിന് ഞങ്ങൾ ആരോട് പറയണം
Mail This Article
പത്തനംതിട്ട ∙ ‘40 വർഷമായി പൂവൻപാറയിൽ താമസം തുടങ്ങിയിട്ട്. ജീവിതകാലം മുഴുവൻ വെള്ളം കിട്ടാതെ ദുരിതമനുഭവിക്കാനാണ് വിധി’– പ്രദേശവാസിയായ പൊന്നമ്മ പറഞ്ഞു. വർഷങ്ങൾക്കു മുൻപു വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ ഒരു കുഴൽകിണർ സ്ഥാപിച്ചു. അതിൽ നിന്നു വെള്ളം വലിയ വാട്ടർ ടാങ്കിലേക്കു പമ്പ് ചെയ്യുകയും തുടർന്നു പൈപ്പുകളിലൂടെ വെള്ളമെത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പൈപ്പിലൂടെയും വെള്ളം വരുന്നില്ല. വേനൽക്കാലമാകുമ്പോൾ ആഴ്ചയിൽ ഒരു ദിവസം നഗരസഭയിൽ നിന്നു വെള്ളമെത്തിക്കാറുണ്ട്.
ആശ്രയം അച്ചൻകോവിലാർ
പൂവൻപാറയിൽ നിന്നു പത്തനംതിട്ട വലഞ്ചുഴിയിലേക്കെത്താൻ 200 രൂപയാണ് ഓട്ടോക്കൂലി. വേനലാകുമ്പോൾ ഇത്രയും രൂപ മുടക്കിയാണ് പൂവൻപാറക്കാർ വെള്ളത്തിനായി എത്തുന്നത്.
വലഞ്ചുഴിയിലൂടെ ഒഴുകുന്ന അച്ചൻകോവിലാറാണ് വേനലിൽ ഏക ആശ്വാസം. രണ്ടോ, മൂന്നോ വീടുകളിലെ സ്ത്രീകൾ ഒരുമിച്ചു ചേർന്ന് ഓട്ടോപിടിച്ചാണ് പോകാറുള്ളത്. തിരിച്ചു വരുമ്പോഴും വലിയ തുക ഓട്ടോക്കൂലി കൊടുക്കേണ്ടി വരുമെന്നതിനാൽ ആകെ വിഷമത്തിലാണ് നാട്ടുകാർ.
വിമർശിച്ച് നഗരസഭ കൗൺസിലർമാർ|
നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നഗരസഭ കൗൺസിലർമാരുടെ രൂക്ഷവിമർശനം. നഗരത്തിന്റെ എല്ലാഭാഗത്തും ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിൽ വാട്ടർ അതോറിറ്റി നോക്കുകുത്തിയാകുന്നുവെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി പറഞ്ഞു. പൈപ്പുകളിൽ നിന്നു വെള്ളം വരാത്തതിനാൽ ജനജീവിതം ദുഷ്കരമാണെന്നു കൗൺസിലർമാർ പറഞ്ഞു.
15 ദിവസത്തിനകം പരിഹാരമെന്ന് വാട്ടർ അതോറിറ്റിയുടെ ഉറപ്പ്
നഗരസഭയിലെ വിവിധ വാർഡുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിൽ 15 ദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉറപ്പ്. കൗൺസിലർമാരോടൊപ്പം ഓരോ വാർഡുകളും സന്ദർശിച്ചു പ്രശ്നങ്ങൾ മനസിലാക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.