ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെ തങ്ക അങ്കിയെ വരവേറ്റ് നാട്
Mail This Article
റാന്നി ∙ ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ച രഥഘോഷയാത്ര ശരണ മന്ത്രങ്ങളുടെ ഭക്തി പ്രകർഷത്തിൽ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെത്തി. ഇന്നു വൈകിട്ട് തങ്കി അങ്കി ചാർത്തിയാണ് ശബരിമലയിൽ ദീപാരാധന. ഇന്ന് രാവിലെ 8ന് പെരുനാട്ടിൽ നിന്നു പുറപ്പെടും. 9ന് ളാഹ സത്രം, 10ന് പ്ലാപ്പള്ളി, 11ന് നിലയ്ക്കൽ, 1ന് ചാലക്കയം, 1.30ന് പമ്പ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ നൽകും. പമ്പയിലെ വിശ്രമത്തിനു ശേഷം 3 മണിയോടെ സന്നിധാനത്തേക്കു പുറപ്പെടും. ഇന്ന് വൈകിട്ട് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തും.കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. അട്ടച്ചാക്കൽ, വെട്ടൂർ, മലയാലപ്പുഴ, മണ്ണാരക്കുളഞ്ഞി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 4 മണിയോടെയാണ് റാന്നി താലൂക്കിൽ പ്രവേശിച്ചത്.
അന്നദാനത്തിന്റെ പുണ്യം നുകർന്നാണ് ഉതിമൂട് ജംക്‌ഷനിൽ തീർഥാടകരും ഭക്തരും സ്വീകരണത്തിൽ പങ്കുകൊണ്ടത്. ഡിപ്പോപടി, വലിയകലുങ്ക്, മന്ദിരം, ബ്ലോക്കുപടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം തോട്ടമൺകാവ് ദേവീക്ഷേത്രം ഗോപുര നടയിലെത്തി. പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം പ്രസിഡന്റ് ജി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പലംപടിയിൽ സ്വീകരണം നൽകി. തിരുവിതാംകൂർ ഹിന്ദു ധർമ പരിഷത്ത് ഒരുക്കിയ വാദ്യമേളങ്ങൾ. മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയാണ് റാന്നി രാമപുരം ക്ഷേത്രത്തിലേക്കു സ്വീകരിച്ചത്. വിവിധ ഹൈന്ദവ, സമുദായ സംഘടനകളും ജനമൈത്രി പൊലീസും വഴിയോരങ്ങളിൽ സ്വീകരണം നൽകി.
റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ ഡിവൈഎസ്പി ആർ.ജയരാജ്, ഇൻസ്പെക്ടർ ജിബു ജോൺ, ജനമൈത്രി കോ ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലും താലപ്പൊലിയോടെ സ്വീകരണം നൽകി. ഇടക്കുളം അയ്യപ്പ ക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ ഹൃഷികേശ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മഠത്തുംമൂഴിയിൽ നിന്ന് പെരുനാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. നിറപറയും നിലവിളക്കും ഒരുക്കി ആചാര പ്രകാരമാണ് ഭക്തർ ഘോഷയാത്രയെ സ്വീകരിച്ചത്.