മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ്: 5 വർഷ പാലനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു
Mail This Article
വെച്ചൂച്ചിറ ∙ മഠത്തുംചാൽ–മുക്കൂട്ടുതറ റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ കരാറായെങ്കിലും 5 വർഷത്തെ പരിപാലനം സംബന്ധിച്ച് ആശയക്കുഴപ്പം. 3 വർഷം മുൻപ് നടത്തിയ ബിഎം ടാറിങ്ങിന്റെ പരിപാലനം ഏറ്റെടുക്കാനാകില്ലെന്നും കുറച്ചു നൽകണമെന്നും ചൂണ്ടിക്കാട്ടി കരാർ കമ്പനി കേരള റോഡ് ഫണ്ട് ബോർഡിനു (കെആർഎഫ്ബി) കത്തു നൽകി.കൊറ്റനാട്, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലുള്ള 6 റോഡുകൾ ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതിന് 5 വർഷം മുൻപ് കിഫ്ബി 42.18 കോടി രൂപയുടെ രൂപരേഖ തയാറാക്കിയിരുന്നു.31.5 കിലോമീറ്റർ ദൂരമുള്ള റോഡുകൾ 34 കോടി രൂപയ്ക്കാണ് നിർമാണത്തിനു കരാർ നൽകിയത്. ഇതിൽ മഠത്തുംചാൽ–പിജെടി ജംക്‌ഷൻ, മന്ദമരുതി–വെച്ചൂച്ചിറ, കൂത്താട്ടുകുളം വെച്ചൂച്ചിറ എന്നീ റോഡുകളിൽ ബിഎം ടാറിങ് നടത്തിയിരുന്നു. ഇട്ടിയപ്പാറ, കാവുങ്കൽപടി ബൈപാസുകളും കൂത്താട്ടുകുളം–വെച്ചൂച്ചിറ–കനകപ്പലം റോഡും ബിഎം ബിസി ടാറിങ്ങും നടത്തി.
റോഡുകളുടെ വീതി കൂട്ടിയപ്പോൾ മധ്യത്തിലായ പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റു സ്ഥാപിക്കുന്നതിനു താമസം നേരിട്ടപ്പോൾ കരാറുകാരൻ നിർമാണത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു. പിന്നീട് കിഫ്ബി കരാർ റദ്ദാക്കിയിരുന്നു. ശേഷിക്കുന്ന പണികൾ പൂർത്തിയാക്കുന്നതിന് കിഫ്ബിയുടെ ഉപവിഭാഗമായ കെആർഎഫ്ബി 17 കോടി രൂപയ്ക്കു അടുത്തിടെ കരാർ ക്ഷണിച്ചിരുന്നു. ഇതാണ് കരാർ കമ്പനിക്കു ലഭിച്ചത്.നിർമാണം പൂർത്തിയാകുമ്പോൾ 5 വർഷത്തെ പരിപാലനം കൂടി നടത്തണമെന്ന വ്യവസ്ഥയുള്ളതിനാൽ കമ്പനി ഇതുവരെ കരാർ വച്ചിട്ടില്ല. മുൻ കരാറുകാരൻ ചെയ്ത പ്രവർത്തികളുടെ പരിപാലനം ഏറ്റെടുക്കാനാകില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഇതു കുറച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നൽകിയത്. ഇതിൽ വ്യക്തത വരുത്തി മാത്രമേ കരാർ വയ്ക്കൂയെന്ന് കരാർ കമ്പനി പ്രതിനിധി അറിയിച്ചു.