കടിഞ്ഞാണില്ലാതെ ആഡംബര കാറുകളും; അടൂർ ബൈപാസിലൂടെ മരണപ്പാച്ചിൽ
Mail This Article
അടൂർ ∙ വാഹനാപകടങ്ങൾ നാടാകെ വർധിച്ചിട്ടും അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കെതിരെ അടൂരിൽ നടപടി ഉണ്ടാകുന്നില്ല. എംസി റോഡിലൂടെയാണ് വാഹനങ്ങൾ അധികവും ചീറിപ്പായുന്നത്. ബൈപാസിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് വരെ ഭീഷണിയാണ്. ആഡംബരക്കാറുകളാണ് അധികവും ചീറിപ്പാഞ്ഞു പോകുന്നത്.
അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ മുൻപേ പോകുന്ന വാഹനങ്ങളെ മറികടന്ന് ചീറിപ്പായുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. മറ്റു വാഹനങ്ങളെ മറികടന്ന് ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ ഇരുചക്രവാഹനങ്ങൾക്കാണ് കൂടുതൽ ഭീഷണിയായിരിക്കുന്നത്. അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കെതിരെ നടപടി അടൂരിൽ കുറവായതു കാരണമാണ് നാടാകെ അപകട പരമ്പര ഉണ്ടായിട്ടും ഇപ്പോഴും വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത്.
സിഗ്നലുകൾ ഉള്ള നെല്ലിമൂട്ടിൽപ്പടിയിലും സെൻട്രൽ ജംക്‌ഷനിലും സിഗ്നൽകാത്തു കിടക്കുന്ന വാഹനങ്ങൾ പച്ചലൈറ്റ് കത്തു മുൻപേ ചീറിപ്പാഞ്ഞു പോകുന്നതും പതിവാണ്. ഇത് വലിയ അപകടങ്ങൾക്കാണ് ഇടവരുത്തുന്നത്. ബ്ലാക് സ്പോട്ടിൽപെട്ട നെല്ലിമൂട്ടിൽപ്പടി ജംക്‌ഷനിൽ രാത്രി 8.30ന് ശേഷം സിഗ്നൽലൈറ്റ് പ്രവർത്തനമില്ലാത്തതിനാൽ നെല്ലിമൂട്ടിൽപ്പടിയിൽ നിന്ന് ഭരണിക്കാവ് റോഡിലേക്ക് തിരിയാൻ വാഹനങ്ങൾ പാടുപെടുകയാണ്.
കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നതാണ് ഇതിനു കാരണം. ഇവിടെ രാത്രിയിൽ 8.30യ്ക്കു ശേഷം പൊലീസ് ഇല്ലാത്തതും സിഗ്നൽ പ്രവർത്തിക്കാത്തതിനാലും അപകടങ്ങൾ ഏറുകയാണ്. ഈ സ്ഥലത്ത് എഐ ക്യാമറ സ്ഥാപിക്കുകയും സിഗ്നൽലൈറ്റ് എല്ലാ സമയത്തും പ്രവർത്തിപ്പിക്കണമെന്നുമാണാവശ്യം.