തോട്ടിൽ മാലിന്യം; മൂക്കുപൊത്തി നടക്കണോ?
Mail This Article
എഴുമറ്റൂർ∙ തോട്ടിൽ മാലിന്യങ്ങൾ തള്ളുന്നതിനാൽ സമീപവാസികൾ ദുരിതത്തിൽ. പോസ്റ്റ് ഓഫിസ് കവലയ്ക്ക് സമീപത്തെ കൈത്തോട്ടിലാണു ജൈവ അജൈവമാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കിലും സഞ്ചിയിലുമായി തള്ളിയിരിക്കുന്നത്. ചിറയ്ക്കൽ - അട്ടക്കുഴി തോട്ടിൽനിന്നാണു ദുർഗന്ധം പരിസരമാകെ പടരുന്നത്. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതോടെ സമീപത്തെ വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലെത്തുന്നവരും വ്യാപാരികളും ദുർഗന്ധം മൂലം നട്ടംതിരിയുകയാണ്. തോട്ടിലെ കലുങ്കിനു സമീപത്താണു മാലിന്യം കൂടുതലായി കെട്ടിനിൽക്കുന്നത്.
രാത്രി വാഹനങ്ങളിലെത്തി വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ തള്ളുന്നതായി ആക്ഷേപമുയരുന്നു. 180 മീറ്ററോളം ദൂരത്തിലാണ് ഇവിടെ മാലിന്യം കെട്ടിക്കിടക്കുന്നത്. സമീപത്തെ വീട്ടുകാർക്കോ വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർക്കോ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.