അതിഥിത്തൊഴിലാളി കഞ്ചാവുമായി പിടിയിൽ
Mail This Article
കോന്നി ∙ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന അഞ്ചേമുക്കാൽ കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളിയെ കോന്നി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ സാഗ്ര 104 ൽ അവ്‌ലിന്ത് സിങ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലൻപടിയിൽ നിന്ന് ഇന്നലെ രാവിലെ 9.15 ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തോളിൽ രണ്ട് ബാഗുകൾ തൂക്കി സംസ്ഥാന പാതയിലൂടെ കൊല്ലൻപടി ജംക്‌ഷനിൽ നിന്ന് കൂടൽ ഭാഗത്തേക്ക് നടന്നുപോകുമ്പോൾ പൊലീസ് സംഘം പിടികൂടുകയായിരുന്നു. മുഷിഞ്ഞ തുണികൾ നിറച്ച ബാഗിന്റെ മധ്യത്തിലെ അറയിൽ മാസ്കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.
വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടവും കൂട്ടാളികളെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ രംഗനാഥ്, പ്രബേഷനറി എസ്ഐ ദീപക്, എസ്‌സിപിഒമാരായ അൽസാം, സൈഫുദ്ദീൻ എന്നിവർക്കൊപ്പം ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.