കേരളത്തോട് കേന്ദ്രസർക്കാരിന് ശത്രുത: പിണറായി വിജയൻ
Mail This Article
കോന്നി ∙ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിലെ ജനത്തോട് ശത്രുതയുള്ള പോലെയാണെന്നും ഇതിന്റെ അടിസ്ഥാന കാരണം കേരളത്തിലെ ജനം ബിജെപിയെ അംഗീകരിക്കാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കേന്ദ്രസർക്കാരിന് ശത്രുതയാണെന്നും കേന്ദ്ര സഹായം കിട്ടിയില്ലെങ്കിലും വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ കാര്യം കേന്ദ്രത്തെ അറിയിച്ചു, സഹായം കിട്ടിയില്ലെങ്കിലും കേരളം മാതൃകാപരമായി അതു ചെയ്യും. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം കണക്കു നൽകിയില്ലെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ വാദം പച്ചക്കള്ളമാണ്. കേരളത്തോട് കാണിക്കുന്നതു വിവേചനമാണ്. സാമൂഹികക്ഷേമ പെൻഷൻ കുടിശിക മാർച്ചോടെ തീർക്കുമെന്നും തുക ഉയർത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു ദിവസമായി നടന്ന സിപിഎം ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, സ്വാഗതസംഘം കൺവീനർ ശ്യാംലാൽ, പി.ജെ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.പൊതുസമ്മേളനത്തിന്റെ ഭാഗമായി എലിയറയ്ക്കലിൽനിന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, മുൻ സെക്രട്ടറി കെ.പി.ഉദയഭാനു, മന്ത്രി വീണാ ജോർജ്, ആർ.സനൽകുമാർ, ടി.ഡി.ബൈജു, എ.പത്മകുമാർ, ഓമല്ലൂർ ശങ്കരൻ, മറ്റു ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകിയ പ്രകടനവും റെഡ് വൊളന്റിയർ മാർച്ചും നടത്തി.