വെട്ടിനിരത്തിയില്ല, അച്ചടക്ക നടപടിയില്ല; ജില്ലാ നേതൃത്വത്തെ വരുതിയിലാക്കി
Mail This Article
കോന്നി ∙ വെട്ടിനിരത്തലോ അച്ചടക്ക നടപടികളോ കൂടാതെ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ വരുതിക്കു നിർത്തിയ കാഴ്ചയാണു പത്തനംതിട്ട ജില്ലാ സമ്മേളനത്തിലുടനീളം കണ്ടത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലാ സെക്രട്ടേറിയറ്റിലെ 2 മുതിർന്ന അംഗങ്ങളുടെ പേരുകൾ ചർച്ചയ്ക്കു വരാൻ സാധ്യതയുണ്ടായിരുന്നു. ഇതിലൊരാളുടെ പേര് മുൻ ജില്ലാ സെക്രട്ടറി നിർദേശിക്കുമെന്നായിരുന്നു സൂചന. എന്നാൽ സംസ്ഥാന സെന്ററിൽ നിന്നു നിർദേശം നൽകി റാന്നിയിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെക്കൊണ്ട് രാജു ഏബ്രഹാമിന്റെ പേരുകൂടി നിർദേശിച്ചതോടെ എതിർക്കാൻ പോലും കഴിയാതെ ജില്ലാ നേതൃത്വം തീർത്തും ദുർബലമായി. മറ്റു പേരുകളൊന്നും ചർച്ചയ്ക്കു വന്നില്ല.
ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താൻ മുൻ സെക്രട്ടറിക്കു കഴിഞ്ഞില്ല. അഭിപ്രായം തേടിയുമില്ല. പ്രതിനിധി സമ്മേളനത്തിനു ശേഷം മുൻ ജില്ലാ നേതൃത്വത്തിന് അവസരം നൽകാത്ത വിധം സമ്മേളനത്തിന്റെ നിയന്ത്രണം സംസ്ഥാന നേതൃത്വംകൈപ്പിടിയിലൊതുക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന വിമർശനങ്ങൾ നടത്തിയിരുന്നു. സമ്മേളന പ്രതിനിധികളും വിമർശനത്തിനു മൂർച്ച കുറച്ചില്ല. രണ്ട് ദിവസവും മിക്ക പ്രതിനിധികളും വിമർശനങ്ങളുന്നയിച്ചു. വിമർശനങ്ങൾക്കു വ്യക്തമായ മറുപടി പറയാതെ വിവരങ്ങൾ പുറത്തു പോകുന്നതിൽ രോഷം പ്രകടിപ്പിക്കുക മാത്രമാണ് മറുപടി പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി ചെയ്തത്.
‘പാർട്ടിയെ ദുർബലപ്പെടുത്തി സ്വന്തം താൽപര്യം സംരക്ഷിക്കാൻ കഴിയുമെന്ന ധാരണ ചില സഖാക്കൾക്കുണ്ട്. അവർ തിരുത്തലിന് വിധേയമാകണം.’ സിപിഎം കോന്നി ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങളിൽ ഒന്നാണിത്. പുതിയ ജില്ലാ സെക്രട്ടറി നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നതാണ് റിപ്പോർട്ടിലെ പല ഭാഗങ്ങളും. വിഭാഗീയ നിലപാടിൽ നിന്നു യോജിപ്പിന്റെ പാതയിലേക്ക് എത്തണമെന്ന സന്ദേശമാണ് സംസ്ഥാനതലത്തിൽ പാർട്ടി നേതൃത്വം നൽകിയിട്ടുള്ള സന്ദേശം. ബഹുജന സംഘടനാ മെംബർഷിപ്പിന്റെ ഏഴയലത്ത് എത്തുന്നില്ല ജില്ലയിൽ ലഭിക്കുന്ന വോട്ടെന്ന വിമർശനവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജു ഏബ്രഹാമിന്റെ കടന്നുവരവ് പൊതുവേ പ്രതീക്ഷിച്ചതാണ്.
പാർട്ടിയിൽ വിഭാഗീയത അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നതും സവിശേഷതയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജു ഏബ്രഹാമിന് സ്ഥാനാർഥിത്വം നൽകാതിരുന്നതിൽ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട് പാർട്ടി അംഗം പ്രതിഷേധിച്ചതും വിവാദമായി. തോൽവി അറിയാതെ 25 കൊല്ലം റാന്നിയുടെ ജനപ്രതിനിധി എന്ന ചരിത്രമുള്ള ജനസമ്മതനെ ജില്ലയിൽ പാർട്ടിയുടെ അമരത്തേക്ക് സംസ്ഥാന നേതൃത്വം എത്തിക്കുന്നത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. പാർട്ടി കൂടുതൽ ജനപിന്തുണ ആർജിക്കണമെന്നതാണ് ലക്ഷ്യം. പോഷക സംഘടനകളുടെ പ്രവർത്തനത്തിലും ദൈനംദിന പാർട്ടി പ്രവർത്തനത്തിലും ചില മേഖലകളിൽ വീഴ്ചകളുണ്ടെന്നാണ് സംഘടനയ്ക്കുള്ളിലെ വിലയിരുത്തൽ. ബ്രാഞ്ച് യോഗങ്ങളിൽ പാർട്ടി മെംബർമാരുടെ പങ്കാളിത്തം കുറയുന്നു. ബ്രാഞ്ച് യോഗങ്ങൾ യഥാസമയം വിളിച്ചുചേർക്കുന്നില്ലെന്ന പരാതികളും മുന്നിലുണ്ട്.