റോഡുകയ്യേറി കാട്ടുപോത്തുകൾ; യാത്രക്കാർ ഭീതിയിൽ
Mail This Article
തണ്ണിത്തോട് ∙ വനത്തിലൂടെയുള്ള റോഡിൽ കാട്ടുപോത്തിന്റെ സാന്നിധ്യമേറുന്നു. കോന്നി– തണ്ണിത്തോട് റോഡിലെ പേരുവാലി, മുണ്ടോംമൂഴി ഭാഗങ്ങളിലാണു രാത്രി കാലങ്ങളിലും പുലർച്ചെയും കാട്ടുപോത്തുകളെ കാണുന്നത്. റോഡരികിലും പരിസരങ്ങളിലുമായി കൂട്ടം ചേർന്നു നടക്കുന്ന കാട്ടുപോത്തുകൾ മുൻപ് വാഹന യാത്രക്കാരെ ആക്രമിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യാത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ പ്രകോപനമില്ലാതെ തന്നെ ആക്രമിക്കാനിടയുണ്ട്. വേഗത്തിലെത്തുന്ന വാഹനങ്ങൾക്കു മുൻപിലേക്കു പെട്ടെന്നു കാട്ടുപോത്തുകൾ വന്നുപെട്ടാൽ ആക്രമണത്തിന് സാധ്യതയുണ്ട്.
നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാർക്ക് അപകടസാധ്യതയുമുണ്ട്. റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്ത ഭാഗങ്ങളിലും വളവുകളിലും ഇവ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പോകും. രാത്രി കാലങ്ങളിൽ ഈ ഭാഗങ്ങളിൽ വാഹനയാത്രക്കാർ വേഗം കുറച്ച് ശ്രദ്ധിച്ച് പോയാൽ അപകടസാധ്യത ഒഴിവാക്കാനാകും.റോഡരികിൽ നിൽക്കുന്ന കാട്ടുപോത്തിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്താനും ഇവയെ അടുത്തു കാണുന്നതിനുമായി ഇവയുടെ അടുത്തേക്ക് വാഹനങ്ങൾ നീക്കി നിർത്തുന്നതും വാഹനങ്ങൾ നിർത്തി പുറത്തിറങ്ങുന്നതും അപകടത്തിന് വഴിവയ്ക്കുമെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു.