പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോവും: രാജു ഏബ്രഹാം
Mail This Article
കോന്നി ∙ പാർട്ടിയെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോവുകയാണു ലക്ഷ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പുതുതലമുറയെ അടക്കം ചേർത്തു പിടിച്ചുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. പാർട്ടിക്കു വേണ്ടി മുൻ സെക്രട്ടറി ഉദയഭാനു മികച്ച രീതിയിൽ പ്രവർത്തിച്ചു. സർക്കാരുമായി ചേർന്ന് ജനങ്ങൾക്ക് സഹായത്തിന് ശ്രമിക്കും. നല്ലൊരു ടീമിനെയാണ് ഈ സമ്മേളനം തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ കമ്മിറ്റിക്കു പുറത്ത് യോഗ്യരായവർ ഒട്ടേറെപ്പേരുണ്ട്.
തെറ്റായ പശ്ചാത്തലമുള്ളവരെ തെറ്റു തിരുത്തി പാർട്ടിയോടൊപ്പം നിർത്തുന്നതാണ് മാർക്‌സിസ്റ്റ് രീതിയെന്നും രാജു ഏബ്രഹാം പറഞ്ഞു. പാർലമെന്ററി രംഗത്ത് നിന്നു പൂർണമായും സംഘടനാ രംഗത്തേക്കുള്ള പ്രവേശനകവാടമായിട്ടാണ് ജില്ലാ സെക്രട്ടറി പദവിയെ കാണുന്നതെന്ന് രാജു ഏബ്രഹാം പറഞ്ഞു. പാർട്ടിയെ ഐക്യത്തോടെയും കരുത്തോടെയും മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഉദയഭാനു പടിയിറങ്ങുമ്പോൾ
പത്തനംതിട്ട ∙ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ ചരിത്രമുണ്ട് കെ.പി.ഉദയഭാനുവിന്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കി പദവിയിൽ നിന്നു പടിയിറങ്ങുന്നത് വലത്തോട്ട് ചാഞ്ഞുനിന്ന ജില്ലയെ ചുവപ്പണിയിച്ച മികവോടെയാണ്.
24ാം വയസ്സിൽ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. 1997ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 2015ൽ റാന്നി സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്.
2018ൽ തിരുവല്ല സമ്മേളനത്തിൽ രണ്ടാമൂഴം. 2021ൽ അടൂർ സമ്മേളനത്തിൽ മൂന്നാമതും അമരത്തേക്ക്. 2018ൽ നിന്നു 2021ലേക്ക് എത്തിയപ്പോൾ ജില്ലയിൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും ഗ്രാഫ് ഉയർന്നു. കോന്നിയിലുൾപ്പെടെ 5 നിയമസഭാ മണ്ഡലങ്ങളിലും ഇടത് ആധിപത്യം. ജില്ലാ പഞ്ചായത്തിലും ഒട്ടേറെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വിജയം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഉദയഭാനു സ്വീകരിച്ച നിലപാട് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
രാജു ഏബ്രഹാം
1961 ജൂൺ 30ന് അങ്ങാടി കണ്ടനാട്ട് അധ്യാപകരായിരുന്ന പരേതരായ കെ.എസ്.ഏബ്രഹാമിന്റെയും അച്ചുവമ്മയുടെയും മകനായി ജനനം. എസ്എഫ്ഐ പ്രവർത്തകനായി തുടക്കം. റാന്നി സെന്റ് തോമസ് കോളജിൽ പഠിക്കുമ്പോൾ യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. രാജു ഏബ്രഹാം ചെയർമാനായി. 1996ൽ നിയമസഭയിലേക്കു മത്സരിച്ചു ജയിച്ചു. ഓട്ടോ ടാക്സി ലൈറ്റ് വെഹിക്കിൾസ് യൂണിയൻ സംസ്ഥാന പ്രസിഡന്റാണ്.
കേരള ഹോസ്പിറ്റൽ ഫെഡറേഷൻ ഡയറക്ടർ, മാർ ക്രിസോസ്റ്റം പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, റാന്നി ഫാർ പ്രൊഡ്യൂസിങ് കമ്പനി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. ഭാര്യ: ടീന ഏബ്രഹാം (റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: റബേക്ക രാജു ഏബ്രഹാം, റെഹൻ രാജു ഏബ്രഹാം, ഹെൻട്രി രാജു ഏബ്രഹാം (മൂവരും വിദ്യാർഥികൾ).