മകരവിളക്ക് തീർഥാടനം: ശബരിമല നട തുറന്നു
Mail This Article
ശബരിമല ∙ ആയിരങ്ങൾക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു.വൈകിട്ട് 4ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. പിന്നീട് മാളികപ്പുറം ക്ഷേത്ര നട തുറക്കാനായി അവിടത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു ശ്രീകോവിലിന്റെ താക്കോലും ഭസ്മവും നൽകി യാത്രയാക്കി. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു.
മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്. മകരവിളക്കു കാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിക്കും.ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
സ്പോട് ബുക്കിങ് കേന്ദ്രത്തിൽ വൻതിരക്ക്
ശബരിമല∙ മകരവിളക്കു തീർഥാടനത്തിനായി നട തുറക്കുമ്പോൾ തന്നെ ദർശനം നടത്താൻ പമ്പ സ്പോട് ബുക്കിങ് കേന്ദ്രത്തിൽ വൻതിരക്ക്. 5 മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് മിക്കവർക്കും സ്പോട് ബുക്കിങ് ലഭിച്ചത്.സ്പോട് ബുക്കിങ്ങിന് ഇത്രയും വലിയ തിരക്ക് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡും പൊലീസും കരുതിയില്ല. ഇതിനായി തയാറാക്കിയ പന്തലും ബാരിക്കേഡും പിന്നിട്ട് ക്യൂ നീണ്ടു.
ഇവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനു ശരിക്കും പാടുപെടേണ്ടി വന്നു. പമ്പയിലെ സ്പോട്ബുക്കിങ് കേന്ദ്രത്തിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും അതിനുള്ള ക്രമീകരണങ്ങൾ ഒന്നും ദേവസ്വം ബോർഡ് ചെയ്തില്ല.ഇന്നലെ രാവിലെ 9ന് 7 കൗണ്ടറാണു പമ്പയിൽ ഉണ്ടായിരുന്നത്. ആധാറിന്റെ കോപ്പി വാങ്ങി പാസ് അടച്ചു നൽകാൻ ഏറെ സമയം എടുത്തു. അതിനാൽ ഓരോ മിനിറ്റിലും ക്യൂവിന്റെ നീളം കൂടി.