പച്ചപുതച്ചു വാളകത്തിനാൽ പാടം; ഇടയ്ക്ക് പെയ്യുന്ന മഴ വീണ്ടും ആശങ്ക
Mail This Article
പന്തളം ∙ കരിങ്ങാലിപ്പാടശേഖരത്തിൽ പെട്ട വാളകത്തിനാൽ പാടത്ത് നെൽച്ചെടികൾ തളിർത്തു തുടങ്ങി. നവംബർ അവസാനമായിരുന്നു വിത. വിതയ്ക്ക് ശേഷവും മുൻപും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളം നീക്കം ചെയ്ത ശേഷമാണ് വിത്ത് വിതച്ചത്. 100 ഏക്കറിലാണ് കൃഷി. വലക്കടവിൽ നിന്നു താഴോട്ട് വെള്ളമൊഴുകാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് കർഷകരായ കൊട്ടേത്ത് അശോക് കുമാറും ജോസച്ചൻ തോമസും പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മഴ പെയ്തിരുന്നു. അപത്രീക്ഷിതമായി മഴയെത്തിയാൽ വീണ്ടും പ്രതിസന്ധിയാകും. കർഷകരെ സഹായിക്കാൻ ഫണ്ട് വകയിരുത്താൻ നഗരസഭാ അധികൃതർ തയാറാകണമെന്നും അവർ പറഞ്ഞു.
കർഷകർ ദുരിതത്തിൽ
കരിങ്ങാലിപ്പാടത്തിലെ മറ്റ് പാടങ്ങളിൽ നെൽക്കൃഷി ഇപ്പോഴും പ്രതിസന്ധിയിലാണ്. ചിറ്റിലപ്പാടത്തെ 145 ഏക്കറിൽ നവംബർ ആദ്യം വിത്ത് വിതച്ചെങ്കിലും അവയെല്ലാം പിന്നീട് പെയ്ത മഴയിൽ മുങ്ങിപ്പോയി. പാകാൻ സൂക്ഷിച്ചിരുന്ന വിത്തും മഴയിൽ നശിച്ചു. വെള്ളക്കെട്ട് കാരണം ഇവിടെ ഇനിയും വിത്ത് വിതയ്ക്കാനായിട്ടില്ല. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കനത്ത ചൂട് കാരണം നെല്ല് മങ്കായി മാറിയത് കർഷകർക്ക് ഭീമമായ നഷ്ടം വരുത്തിയിരുന്നു.
ഇതൊഴിവാക്കാൻ കൃഷി നേരത്തെ തുടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടത്. വലിയ കൊല്ല, മുപ്പത്തി, പുതുവന, മൂന്നുകുറ്റി അടക്കം പാടശേഖരങ്ങളിൽ ഇനിയും വിത്ത് വിതയ്ക്കാനായിട്ടില്ല. വലിയകൊല്ലായിൽ ഭീമമായ തുക ചെലവഴിച്ചു ജനറേറ്ററെത്തിച്ചു വെള്ളം നീക്കം ചെയ്യുന്നതിനിടയിൽ പെയ്ത മഴ വീണ്ടും വെള്ളക്കെട്ടിന് കാരണമായിരുന്നു.