വഴി മുടക്കുമോ മതിൽ? റോഡ് വികസനത്തിന് മതിൽ തടസ്സമാകുമെന്ന് ആരോപണം
Mail This Article
കോഴഞ്ചേരി ∙ ജില്ലാ ആശുപത്രിയുടെ മതിൽ നിർമാണം റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് പരാതി ഉയരുന്നു. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ടിബി ജംക്‌ഷൻ– ജില്ലാ ആശുപത്രി വൺവേ റോഡിന്റെ വശത്തുള്ള മതിൽ പൊളിച്ച് പുതിയതായി അതേ സ്ഥാനത്ത് തന്നെ നിർമിക്കുന്നത്. പ്രത്യേകം കെട്ടി തിരിച്ച റോഡിന്റെ നടപാതയോടു ചേർന്നാണ് ഈ നിർമാണം. ഇതാണ് ഇപ്പോൾ വിവാദത്തിലായത്. രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകാൻ സാധിക്കാത്ത റോഡിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്.വൺവേ നിയന്ത്രണം ബാധകമാകാതെ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിൽ വലയുകയാണ്.
ഇത് കൂടാതെയാണ് പ്രദേശത്ത് നടക്കുന്ന വിവിധ കൺവൻഷനുകൾക്കും ശബരിമലയിലേക്കും പോകുന്ന വാഹനങ്ങളും എത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.റോഡിന് വീതിയില്ലാത്തതാണ് ഇതിനെല്ലാം കാരണം. പുതിയ കെട്ടിട നിർമാണം പൂർത്തിയായി കൂടുതൽ സൗകര്യം ഒരുങ്ങുന്നതോടെ ജില്ലാ ആശുപത്രിയിൽ തിരക്ക് വർധിക്കാനും ഇടയാകും. ഏതെങ്കിലും സമയത്ത് ഈ റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന് തോന്നിയാൽ അതിന് തടസ്സം ഉണ്ടാക്കുന്ന വിധത്തിലാണ് ഇപ്പോൾ നടക്കുന്ന നിർമാണം എന്നാണ് ആരോപണം ഉയരുന്നത്.നിലവിലുള്ള സ്ഥിതിയിൽ നിന്നും അകത്തേക്ക് മാറ്റി മതിൽ നിർമിക്കണമെന്നാണ് വ്യാപാരികളും ടാക്സി തൊഴിലാളികളുടെയും ആശുപത്രിയിൽ എത്തുന്നവരുടെയും ആവശ്യം.
മതിൽ അകത്തേക്ക് മാറ്റി നിർമിക്കണം :കോൺഗ്രസ്
കോഴഞ്ചേരി ∙ ജില്ല ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് പണികൾ നടക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുൻവശത്തുള്ള വൺവേ റോഡിന്റെ ഭാഗം വാനമെടുത്തു മതിൽ കെട്ടുമ്പോൾ റോഡിന് വീതി കൂടുന്നതിനു വേണ്ടി അകത്തോട്ടു കയറ്റി കെട്ടണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോൾ മതിൽ പൊളിച്ചു പണിയുകയാണ്. ഭാവിയിൽ റോഡിന് വീതി കൂട്ടുമ്പോൾ ഈ മതിൽ വീണ്ടും പൊളിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ ഇപ്പോൾ തന്നെ പുറകിലേക്കു ഇറക്കി വച്ച് മതിൽ നിർമിക്കണമെന്നും മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ ആവശ്യപ്പെട്ടു.