ശാസ്ത്രീയ സംഗീതവേദിയിൽ എ ഗ്രേഡ്; അവനി എത്തിയത് കാൻസറിനെ മറികടന്ന കരുത്തുമായി
Mail This Article
കോഴിക്കോട്∙ കാൻസറിനെ അതിജീവിച്ച ആത്മവിശ്വാസത്തിന്റെ തിളക്കവുമായാണു എസ്.എസ്. അവനി എച്ച്എസ്എസ് വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. പതർച്ചയോ തളർച്ചയോ ഇല്ല. നിറഞ്ഞ ചിരി മാത്രം ചുണ്ടിൽ; ഒപ്പം ശ്രുതി തെറ്റാതൊഴുകിയ സംഗീതവും. ഫലം വന്നപ്പോൾ എ ഗ്രേഡ്. എട്ടിൽ പഠിക്കുമ്പോഴാണു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അവനിക്കു കാൻസറാണെന്നു കണ്ടെത്തിയത്. പിന്നീട് 4 വർഷ ചികിത്സ.
കീമോതെറപ്പി ചെയ്യുന്ന കാലമായിരുന്നിട്ടും കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചു. ക്ഷീണവും ഛർദിയും അലട്ടിയെങ്കിലും കഥകളി സംഗീതം, മലയാള പദ്യപാരായണം, ശാസ്ത്രീയ സംഗീതം ഇനങ്ങളിൽ എ ഗ്രേഡ് നേടി. ഇത്തവണ വയ്യായ്കകൾ ഉണ്ടായിരുന്നില്ല. രോഗം ഭേദമായതിനാൽ 5 മാസം മുൻപു മരുന്നു നിർത്തിയിരുന്നു. 3 മാസത്തിലൊരിക്കൽ ചെക്കപ് മാത്രമേയുള്ളൂ. സംഗീത റിയാലിറ്റി ഷോകളിലും സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ജില്ലയിൽനിന്നുള്ള അനുമതിപത്രം കിട്ടിയതു വൈകിയതിനാൽ അവസാനത്തെ മത്സരാർഥിയായാണ് അവനി വേദിയിലെത്തിയത്.
മത്സരശേഷം അവനി പറഞ്ഞതിങ്ങനെ: ‘‘കഴിഞ്ഞ കലോത്സവം ആസ്വദിക്കാനായില്ല. ഇക്കുറി കുറവു തീർത്തു. ഇനി കോഴിക്കോടൊക്കെ ചുറ്റിയടിച്ചു കാണണം...’’ അച്ഛൻ എ. ശിവപ്രസാദ്, അമ്മ ഡി.കെ. സതിജ എന്നിവരോടൊപ്പമാണു സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയത്. വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. കിളിമാനൂർ ശിവപ്രസാദ് സംഗീതാധ്യാപകൻ.