അഗസ്ത്യാർകൂടം സന്ദർശനം; ബുക്കിങ് നാളെ 11 മുതൽ
Mail This Article
വിതുര∙ അഗസ്ത്യാർകൂടം സന്ദർശനത്തിനായുള്ള ബുക്കിങ് നാളെ രാവിലെ 11 നു തുടങ്ങും. വനം വകുപ്പിന്റെ www.forest.kerala.gov.in അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 16 മുതൽ ഫെബ്രുവരി 15 വരെയാണ് സന്ദർശനം. ഒരു ദിവസം പരമാവധി 75 പേർക്കു ഓൺലൈൻ ബുക്കിങ്ങിലൂടെ പ്രവേശനം അനുവദിക്കും. പരമാവധി 25 പേരെ ഓഫ്‌ലൈൻ ബുക്കിങ്ങിലൂടെയും അനുവദിക്കും. ഓൺലൈൻ ബുക്ക് ചെയതവർ യാത്ര റദ്ദാക്കുന്നതു അനുസരിച്ചായിരിക്കും ഓഫ്‌ലൈൻ ബുക്കിങ്ങിനു അവസരം നൽകുക.
സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിവിധ ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൈഡ് ക്യാംപുകൾ ഉണ്ടാകും. അടിയന്തിര വൈദ്യ സഹായവും ക്രമീകരിക്കും. സന്ദർശകർക്കായി ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലും അതിരുമലയിലും കന്റീൻ സംവിധാനം ഒരുക്കും.
പൂജാ ദ്രവ്യങ്ങൽ, പ്ലാസ്റ്റിക്ക്, മദ്യം, ലഹരി വസ്തുക്കൾ എന്നിവയ്ക്കു കർശന നിരോധനമുണ്ട്. നെയ്യാർ, കോട്ടൂർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ചെക്ക് പോസ്റ്റുകളും കാട്ടു വഴികളും വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിൽ ആയിരിക്കും. വാർത്താ വിനിമയ സംവിധാനം മെച്ചപ്പെടുത്താൻ പേപ്പാറ, ബോണക്കാട്, അതിരുമല, നെയ്യാർ, കോട്ടൂർ എന്നിവിടങ്ങളിലായി വയലസ് സ്റ്റേഷനുകൾ പ്രവർത്തിക്കും.