നാളെ തുറക്കുന്നു; അണുവിമുക്തമാക്കിയും ജാഗ്രതാബോർഡ് സ്ഥാപിച്ചും ക്ഷേത്രങ്ങൾ
Mail This Article
നെയ്യാറ്റിൻകര∙ ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട ആരാധനാലയങ്ങൾ നാളെ തുറക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ ഇന്നലെ തുടങ്ങി. ചുറ്റമ്പലവും, നാലമ്പലവും ശ്രീകോവിലും ഉൾപ്പെടെ അടിച്ചുവാരി കഴുകി വെടിപ്പാക്കിയ ശേഷം അണുമുക്തമാക്കി. ഒരേ സമയം ഉള്ളിൽ കടക്കാവുന്നവരുടെ എണ്ണവും, പാലിക്കേണ്ട അകലവും, സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വ്യക്തമാക്കുന്ന ബോർഡുകൾ ക്ഷേത്രങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. ദർശനത്തിന് എത്തുന്നവർ നിബന്ധനകൾ കർശമായി പാലിക്കേണ്ടതുണ്ടന്ന് ക്ഷേത്രോപദേശകസമിതികൾ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രാമേശ്വരം മഹാദേവർ ക്ഷേത്രം, കൂട്ടപ്പന മഹാദേവർക്ഷേത്രം, വെൺപകൽ അരങ്ങൽ മഹാദേവർക്ഷേത്രം, എന്നിവയ്ക്ക് പുറമെ അരുവിപ്പുറം ശിവക്ഷേത്രത്തിലും മഹേശ്വരം ശിവപാർവതീക്ഷേത്രത്തിലും മുൻ ഒരുക്കൾ നടത്തി ഭക്തരെ സ്വീകരിക്കാൻ തയാറെടുപ്പുകൾ നടത്തി മുഖാവരണം നിർബന്ധമായും ധരിക്കണം. തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചേ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തുവെന്നും, മഹേശ്വരം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. പ്രസാദവിതരണം ഉണ്ടാവില്ല. ദർശനം നടത്തുന്നവർ കിഴക്കെ നടയിലൂടെ ഉള്ളിലേക്ക് കടന്ന് ദർശനത്തിനു ശേഷം വടക്കെ നടയിലൂടെയാണ് മടങ്ങേണ്ടതെന്നും മഠം അറിയിച്ചു.