സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി നഗരൂർ പൊലീസ് സ്റ്റേഷൻ
Mail This Article
കിളിമാനൂർ ∙ വാഗ്ദാനം നടപ്പിലായില്ല, സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി നഗരൂർ പൊലീസ് സ്റ്റേഷൻ. 2018 ഓഗസ്റ്റ് 13ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ സ്റ്റേഷനായ നഗരൂർ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തേക്ക് വാടക ഇല്ലാതെ ഗ്രാമ പഞ്ചായത്ത് നൽകിയ കൃഷിഭവൻ കെട്ടിടത്തിലാണ് സ്റ്റേഷൻ ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ സ്റ്റേഷന് ആധുനിക സൗകര്യങ്ങളുള്ള പുതിയ മന്ദിരം നിർമിക്കുമെന്നാണ് ഉദ്ഘാടന വേളയിൽ പറഞ്ഞത്.
റവന്യു വകുപ്പിന്റെ കീഴിലുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്നായിരുന്നു വാഗ്ദാനം. 2 വർഷം കഴിഞ്ഞിട്ടും റവന്യു വകുപ്പ് ഭൂമി പൊലീസിന് കൈമാറിയിട്ടില്ല. ഭൂമി കൈമാറാനുള്ള നടപടിക്രമങ്ങൾ മെല്ലെ പോക്കിലുമാണ്. വില്ലേജ് ഓഫിസിന് സമീപത്തെ ഭൂമി വിട്ടു നൽകുവാൻ തീരുമാനം ആയി എങ്കിലും ഫയൽ കലക്ടറേറ്റിൽ കെട്ടി കിടക്കുകയാണ്.
6 കുടുസ് മുറികളുള്ള രണ്ട് നില കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 6 വനിത പൊലീസുകാർ അടക്കം 30 പൊലീസുകാരാണ് സ്റ്റേഷനിൽ ഉള്ളത്. വിശ്രമ മുറി, വെള്ളം, പാർക്കിങ് തുടങ്ങിയുള്ള അത്യാവശ്യ സൗകര്യങ്ങൾ വളരെ പരിമിതമാണ്. ജലഅതോറിറ്റിയുടെ പൈപ്പ് വെള്ളമാണ് സ്റ്റേഷനിൽ ലഭിക്കുന്നത്.
പല ദിവസങ്ങളിലും വെള്ളം കിട്ടില്ല. ഈ ദിവസങ്ങളിൽ സമീപത്തെ വീടുകളെയും ആറ്റിങ്ങൽ അഗ്നിരക്ഷനിലയത്തേയും ആശ്രയിച്ചാണ് വെള്ളത്തിന് പരിഹാരം കാണുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ മുൻവശത്തെ ചെറിയ വരാന്തയിലും റോഡിലുമാണ് കാത്തു നിൽക്കുന്നത്.