ഏകാന്തത മാറ്റാൻ ആന്റണിക്ക് കല്യാണം; വധുവിനെ തിരഞ്ഞ് ഉമ്മൻ ചാണ്ടി - ആ കഥ ഇങ്ങനെ..
Mail This Article
തിരുവനന്തപുരം ∙ എഐസിസി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ പോയപ്പോൾ 44 വയസ്സായ അവിവാഹിതനായ തനിക്ക് ഏകാന്തത അനുഭവപ്പെട്ടുവെന്നും അതോടെയാണു കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. വിഡിയോ കോൺഫറൻസിലൂടെ ആന്റണി സ്വന്തം കല്യാണക്കഥ പറഞ്ഞപ്പോൾ, കണ്ടിരുന്ന ഉമ്മൻചാണ്ടിക്കു ചിരി.
ആന്റണിയുടെ കല്യാണക്കഥ ആസ്വദിച്ചും ഉമ്മൻചാണ്ടിക്ക് ആശംസകളുടെ പൂക്കൾ ചൊരിഞ്ഞും പാർട്ടി നേതാക്കൾ. ഇന്ദിരാ ഭവനായിരുന്നു വേദി. നിയമസഭാ സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിയെ അനുമോദിക്കുന്നതായിരുന്നു ചടങ്ങ്. വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം ഉമ്മൻ ചാണ്ടിയെ കയ്യോടെ അറിയിച്ചതായി ആന്റണി പറഞ്ഞു. വധുവിനെ കണ്ടെത്താനുള്ള ജോലിയും ഉമ്മൻ ചാണ്ടിക്കു നൽകി.
കനറാ ബാങ്ക് ഉദ്യോഗസ്ഥയായ, ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, തന്റെ സഹപ്രവർത്തകയായ എലിസബത്തിനെ കണ്ടെത്തി. താലി കെട്ടുന്നതിനു പകരം റജിസ്റ്റർ ചെയ്യണമെന്നു താൻ വ്യവസ്ഥ വച്ചു. ഉമ്മൻ ചാണ്ടി അതിനും പരിഹാരം കണ്ടെത്തി. ഉമ്മൻ ചാണ്ടിയുടെ വീട്ടിൽവച്ചു റജിസ്ട്രാറുടെ സാന്നിധ്യത്തിൽ വിവാഹം. താലിച്ചരട് കെട്ടാൻ രണ്ടു തവണ നോക്കിയിട്ടും നടന്നില്ല. തുടർന്നു താനും സഹോദരിയും കൂടിയാണ് കെട്ടിയത്– ആന്റണി കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാർട്ടിയും ജനങ്ങളും ദൈവാനുഗ്രഹവുമാണു തന്നെ ഈ നിലയിൽ എത്തിച്ചതെന്നു ഉമ്മൻ ചാണ്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, വി.എം. സുധീരൻ, എം.എം.ഹസൻ, കെ.സുധാകരൻ എംപി തുടങ്ങിയവർ പ്രസംഗിച്ചു.
ഉമ്മൻചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ തയാറാക്കിയ ‘നന്മയുടെ കാന്തി, വീക്ഷണം തയാറാക്കിയ അതുല്യം അഭിമാനം, കാവാലം ശ്രീകുമാർ പാടിയ ഗാനം എന്നിവ പ്രകാശനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരും ദിവസങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ കെപിസിസി സംഘടിപ്പിക്കുമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.