ഒരാൾക്ക് 1.5 കോടി രൂപ വീതം, സംവിധായകർക്കു പ്രോൽസാഹനം; സിനിമാ ഷൂട്ടിങ് തുടങ്ങി
Mail This Article
തിരുവനന്തപുരം∙ വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സിനിമയുടെ ഷൂട്ടിങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തുടങ്ങി. മിനി സംവിധാനം ചെയ്യുന്ന ‘ഡൈവോഴ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു തുടങ്ങിയത് .മാർച്ചിൽ സ്വിച്ചോൺ നടത്തിയതാണെങ്കിലും കോവിഡ് മൂലം ചിത്രീകരണം മുടങ്ങിയിരിക്കുകയായിരുന്നു.
കോവിഡ് കാലത്തു ചലച്ചിത്ര രംഗത്തുള്ളവർ ജോലിയില്ലാതെ വിഷമിക്കുമ്പോൾ ചിത്രീകരണം തുടങ്ങാൻ സാധിച്ചതു നല്ല കാര്യമാണെന്നു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു.നടൻ പി.ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ആദ്യ ദിവസങ്ങളിൽ ക്യാമറയ്ക്കു മുന്നിലെത്തി. ചിത്രാഞ്ജലിക്കുള്ളിലും പുറത്തുമായി ചിത്രീകരണം പൂർത്തിയാകും.
വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഒരാൾക്ക് ഒന്നരക്കോടി രൂപ വീതമാണു സർക്കാർ നൽകുന്നത്. ഇതിനായി എഴുപതോളം തിരക്കഥകൾ ലഭിച്ചിരുന്നു. അതിൽ നിന്നു 2 പേരെ തിരഞ്ഞെടുത്തു. താരാ രാമാനുജത്തിന്റെ ‘നിഷിധോ’ ആണു രണ്ടാമത്തെ സിനിമ. അതിന്റെ ചിത്രീകരണം തുടങ്ങിയിട്ടില്ല. 2 വനിതാ സംവിധായകരെയും പട്ടിക വിഭാഗത്തിൽപ്പെട്ട 2 സംവിധായകരെയും കൂടി തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിക്കുമെന്നു ഷാജി പറഞ്ഞു.