വിഴിഞ്ഞത്ത് നെയ്മീൻ ചാകര; 30 വർഷത്തിനിടെ ഇത്ര ലഭ്യത ഇതാദ്യം!
Mail This Article
വിഴിഞ്ഞം∙ മത്സ്യബന്ധന തുറമുഖത്ത് അപ്രതീക്ഷിതമായി നെയ്മീൻ ചാകര. ഒപ്പം ആവോലി, പുള്ളിക്കലവ, വേളാപ്പാര. 30 വർഷത്തിനിടെ നെയ്മീനിന്റെ വലിയ ലഭ്യത ഇതാദ്യമെന്നു മത്സ്യത്തൊഴിലാളികൾ. പുലർച്ചെ മുതൽ അണഞ്ഞ ആദ്യ വള്ളങ്ങളിൽ കുറേശെ കണ്ടു തുടങ്ങിയ നെയ്മീൻ 10 മണിയോടെ തീരത്തിനു ചാകരയായി. പിന്നീടു വന്ന എല്ലാ വള്ളങ്ങളിലും നിറയെ ഈ മീനായിരുന്നു. വല കൂടാതെ തട്ടുമടി വള്ളക്കാർക്കും ഈ മത്സ്യം കിട്ടിയതും അപൂർവതയായി.
വലിയ ശേഖരമുള്ളപ്പോൾ മാത്രമാണ് തട്ടുമടിവള്ളക്കാർക്ക് ഏതിനം മത്സ്യവും ലഭിക്കുക. മത്സ്യപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നായ നെയ്മീൻ സീസണിൽ രാവിലെ എത്തുന്ന വള്ളങ്ങളിൽ കുറേശെ കാണുന്നതൊഴിച്ചാൽ പിന്നെ കിട്ടാറില്ല. അതിനാൽ തന്നെ ഉള്ളതിനു വലിയ വിലയുമായിരിക്കും. ചാകരയായതോടെ നെയ്മീൻ കി.ഗ്രാമിനു 200ൽ താഴെ മാത്രമായി വില താണു. ശരാശരി 750 ഗ്രാം മുതൽ രണ്ട് കി.ഗ്രാം വരെയുള്ള നെയ്മീനാണ് തീരത്ത് ലഭിച്ചത്. പതിനായിരത്തിലേറെ കി.ഗ്രാം മത്സ്യം ലഭിച്ചുവെന്നാണ് കണക്കെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഉച്ചകഴിഞ്ഞും ഈ മത്സ്യത്തിന്റെ വരവുണ്ടായിരുന്നു. കയറ്റുമതി കമ്പോളത്തിൽ ഏറെ ഡിമാൻഡുള്ള മത്സ്യത്തിനു അതേ അളവിൽ നാട്ടിലും ആവശ്യക്കാരേറെയായിരുന്നു. എത്തുന്ന വള്ളങ്ങളിലെ നെയ്മീൻ ശേഖരം മിനുട്ടുകൾക്കുള്ളിൽ തീരമൊഴിഞ്ഞു.
നെയ്മീനിന്റെ അളവിനൊപ്പമില്ലെങ്കിലും ആവോലിയുടെ ലഭ്യതയും തീരെ മോശമായില്ല. 8 മുതൽ 30 കിഗ്രാം വരെ തൂക്കം വരുന്ന പുള്ളിക്കലവ മത്സ്യം ധാരാളമായി കിട്ടിത്തുടങ്ങിയതും തീരത്തിനു ഉണർവായി. ഈ മീനിനും വിലയേറെയാണ്.