സ്ത്രീകൾക്കെതിരെ അശ്ലീല വിഡിയോ: വിജയ് പി.നായര് അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം∙ യുട്യൂബ് ചാനൽ വഴി സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ പോസ്റ്റ് ചെയ്ത കേസിൽ വെള്ളായണി സ്വദേശി വിജയ് പി.നായരെ(51) പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു പിന്നാലെ ഇന്നലെ വൈകിട്ട് കല്ലിയൂരിലെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഇയാൾ താമസിച്ചിരുന്ന സ്റ്റാച്യു ഗാന്ധാരിയമ്മൻ കോവിൽ റോഡിലെ ലോഡ്ജിലാണ് പൊലീസ് ആദ്യമെത്തിയതെങ്കിലും ഞായറാഴ്ച ഉച്ചയോടെ അവിടെ നിന്നു പോയെന്നു സമീപ മുറികളിൽ ഉണ്ടായിരുന്നവർ അറിയിച്ചു.
ആദ്യം നിസ്സാര വകുപ്പുകളാണു മ്യൂസിയം പൊലീസ് ചുമത്തിയത്. എന്നാൽ വിഡിയോകളുടെ പേരിൽ ഇയാളെ ലോഡ്ജ് മുറിയിലെത്തി കൈകാര്യം ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യം ലഭിക്കാത്ത ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിൽ ഹൈടെക് സെൽ എസ്പി നിർദേശിച്ചതനുസരിച്ചാണു മ്യൂസിയം സ്റ്റേഷനിലുള്ള കേസിൽ ഐടി നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയത്. അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളായ 67, 67(എ) ആണു ചുമത്തിയത്.
അതേസമയം വനിത സംഘം കൈകാര്യം ചെയ്തതിനെ തുടർന്നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇരു കൂട്ടർക്കുമെതിരെ യുള്ള കേസുകളിൽ തുടർ നടപടി ആയിട്ടില്ല. തെളിവ് ശേഖരിക്കൽ നടക്കുന്നതായി തമ്പാനൂർ പൊലീസ് അറിയിച്ചു. വിജയ് അപമര്യാദയായി പെരുമാറുകയും കയ്യിൽ പിടിച്ചു തിരിക്കുകയും ചെയ്തുവെന്ന ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ പരാതിയിൽ ഇയാൾക്കെതിരെയും ജാമ്യമില്ലാ വകുപ്പാണു ചുമത്തിയതെന്നു പൊലീസ് പറഞ്ഞു.
സ്ത്രീകളെ കയ്യേറ്റം ചെയ്യുക, അപമര്യാദയായി പെരുമാറുക എന്നീ കുറ്റങ്ങൾക്കായി ചുമത്തിയ ഐപിസി 354 വകുപ്പിൽ ജാമ്യം ലഭിക്കില്ല. കവർച്ചയുടെ ഗണത്തിൽപ്പെടുത്തിയാണു ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും പൊലീസ് അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണു ലഭിച്ചതെന്നാണ് വിജയ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.
ഗൂഗിളിനെ സമീപിച്ചു
വിജയ് പി.നായരുടെ യൂട്യൂബ് ചാനലിലെ അപകീർത്തികരമായ വിഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ഗൂഗൂളിനെ സമീപിച്ചു.. കേസിന്റെ കാര്യം വിശദമാക്കി ഹൈടെക് സെല്ലിൽ നിന്നും ഞായറാഴ്ച ഗൂഗൂളിനു മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു ഡപ്യൂട്ടി കമ്മിഷണർ ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. കേരള പൊലീസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ വിഡിയോ നീക്കം ചെയ്യാനുളള ബാധ്യത വിദേശ കമ്പനിക്കില്ല എന്ന നിയമ പ്രശ്നമുണ്ട്..
ലക്ഷക്കണക്കിനു പേർ കണ്ടു കഴിഞ്ഞ വിഡിയോ നീക്കം ചെയ്യുക യൂട്യൂബിന്റെ കണ്ടന്റ് പാനലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും. വിവാദ വിഡിയോ നീക്കം ചെയ്യാൻ യൂട്യൂബ് തയാറല്ലെങ്കിൽ അതിനായി മറ്റു വഴികൾ തേടുമെന്നു ഡിസിപി പറഞ്ഞു. നിലവിൽ കേസിന് ആസ്പദമായ വിഡിയോ മാത്രമാണ് നീക്കം ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. യൂട്യൂബ് അധികൃതരിൽ നിന്നു ലഭിക്കുന്ന മറുപടി അനുസരിച്ച് ഇയാളുടെ യൂട്യൂബ് ചാനൽ തന്നെ റദ്ദാക്കുന്നതിനുള്ള നടപടികളും ആലോചിക്കുമെന്നു ഡിസിപി വ്യക്തമാക്കി.. ചാനലിലെ മറ്റു വിഡിയോകളും അശ്ലീലം കലർന്നവയാണ്.