'പ്രിയപ്പെട്ട മച്ചമ്പിമാരേ,എന്റെ പൊന്നു ചങ്കുകളേ...’ ; യാത്രയായത് ചങ്ങാതിമാരെ ചങ്കിലേറ്റിയ കൂട്ടുകാരൻ
Mail This Article
നെടുമങ്ങാട്∙ ‘എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ, ഇന്നലെ വെളുപ്പാൻ കാലം വരെ ഷൂട്ട് ആയിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയർ. എന്റെ പൊന്നു ചങ്കുകളേ...’ മഞ്ച ഗവ.ബോയ്സ് സ്കൂളിലെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ അനിൽ നെടുമങ്ങാടിന്റെ ഈ വോയ്സ് മെസേജ് എത്തിയത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.16ന്. പിന്നാലെ ചങ്ങാതി തൃശൂരിലെ ജില്ലാ സ്റ്റേഷനറി ഓഫിസർ എം.എസ്.സുധീപ് അനിലിനെ തിരിച്ചു വിളിച്ചു.
വിശേഷങ്ങൾ തിരക്കി. നാട്ടിൽ വരുമ്പോൾ കാണാം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ അധികം വൈകാതെ പ്രിയപ്പെട്ടവരെയെല്ലാം ഞെട്ടിച്ച് ആ ദുരന്ത വാർത്തയെത്തി.നാടകാവതരണം ഉൾപ്പെടെ സ്കൂളിൽ എല്ലാ കാര്യത്തിനും സജീവമായിരുന്നു അനിൽ എന്നു കൂട്ടുകാർ ഓർമിക്കുന്നു.
സിനിമാ കമ്പം മൂത്ത് കൂട്ടുകാർക്കൊപ്പം ക്ലാസ് കട്ട് ചെയ്ത് അടുത്തുള്ള തിയറ്ററിൽ പോകുന്നതും പതിവായിരുന്നു. സിനിമയിൽ തിരക്കേറിയപ്പോഴും അനിലിന്റെ മെസേജും വോയിസ് ക്ലിപ്പുമെല്ലാം കൂട്ടുകാരെ തേടി എത്തിയിരുന്നു. എല്ലാ വർഷവും സഹപാഠികളുടെ സൗഹൃദ സംഗമവും സംഘടിപ്പിച്ചിരുന്നു. ഇന്നലെ അവർ വീണ്ടും നെഞ്ചുരുകുന്ന വേദനയോടെ ഒത്തുചേർന്നതു പ്രിയപ്പെട്ട കൂട്ടുകാരന് അന്തിമോപചാരം അർപ്പിക്കാനായിരുന്നു.
∙ ആഴക്കയത്തിൽ ഒരു മനുഷ്യ ജീവൻ അകപ്പെട്ടെന്നു മാത്രമേ സിനാജ് കേട്ടുള്ളു. രക്ഷപ്പെടുത്താൻ കുതിക്കുന്നതിനിടയിൽ തന്നെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞു സിനാജ് വെള്ളത്തിലേക്ക് എടുത്തു ചാടി. അടിത്തട്ടിൽ നിന്നു കരയിലെത്തിച്ചു. പക്ഷേ... അനിൽ നെടുമങ്ങാടിന്റെ ജീവൻ കൈവിട്ടുപോയ ആ നിമിഷത്തെക്കുറിച്ചു സിനാജ് പറയുന്നു...
കരയിലെത്തിച്ചു; പക്ഷേ കരയ്ക്കടുത്തില്ല ജീവൻ...
‘‘പള്ളിയിൽ പോകാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഫോൺ വിളി എത്തുന്നത്. മലങ്കര ഡാമിൽ ആളു പോയി. ഇത്രേം കേട്ടപ്പോൾ തന്നെ വണ്ടിയെടുത്തു. ആളുടെ ജീവൻ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സിൽ. സ്ഥലത്തെത്തി മിനിറ്റുകൾക്കകം ആളെ കരയ്ക്കെത്തിച്ചു...പിന്നീടാണ് അതൊരു സിനിമാ നടൻ ആയിരുന്നെന്ന് അറിയുന്നത് ’’
വെള്ളി വൈകിട്ട് 6 മണിയോടെയാണു ഫോൺ കോൾ വരുന്നത്. എംവിഐപിയിലെ സജീവിന്റേതായിരുന്നു കോൾ. മലങ്കര ജലാശയത്തിൽ ഡാമിനു സമീപം ഒരാൾ അപകടത്തിൽ പെട്ടു എന്നായിരുന്നു കോൾ. പിന്നെ ഒന്നും നോക്കിയില്ല. ബൈക്കിൽ ചീറിപ്പാഞ്ഞ് മുട്ടം റൂട്ടിലേക്കു തിരിച്ചു. ബൈക്ക് ഓടിക്കുന്നതിനിടെ തന്നെ അപകടം നടന്ന കൃത്യ സ്ഥലവും മനസ്സിലാക്കി. നിമിഷങ്ങൾക്കുള്ളിൽ അപകടം നടന്ന സ്‌പോട്ടിലെത്തി. ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങി അപകടസ്ഥലത്തേക്ക് ഓടുന്നതിനിടെ തന്നെ ഷർട്ടും മുണ്ടും ഊരി എറിഞ്ഞു.
അവിടെ കൂടിനിൽക്കുന്നവർ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കെടുത്തു ചാടി. ഒറ്റശ്വാസത്തിൽ വെള്ളത്തിന്റെ അടിത്തട്ടിലെത്തി. രണ്ടാൾ താഴ്ചയുള്ള സ്ഥലത്ത് ഒരാൾ അനക്കമില്ലാതെ കിടക്കുന്നു നിമിഷനേരം കൊണ്ട് കാലിൽ പിടിച്ച് പെട്ടെന്നു തന്നെ കരയിലെത്തിച്ചു. സിനിമാ താരമാണെന്നു പിന്നീട് അവിടെ കൂടിനിന്നവർ പറഞ്ഞപ്പോഴാണ് അറിയുന്നത്. നടന്റെ സുഹൃത്തുക്കൾ പിന്നീട് നല്ലൊരു തുകയുമായി തന്നെ കാണാൻ എത്തിയെങ്കിലും അതു നിരസിച്ചു.
മലങ്കര ജലാശയത്തിൽ ഒട്ടേറെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ആളാണ് സിനാജ് മലങ്കര. കൂടാതെ റോഡ് അപകടത്തിൽ പെട്ടവർക്കും സഹായിയായി സിനാജ് എത്തിയിട്ടുണ്ട്. ഇത്തരം സഹായങ്ങൾക്കു താൻ പ്രതിഫലം വാങ്ങാറില്ലെന്നു സിനാജ് പറയുന്നു. മറ്റുള്ളവരുടെ പ്രാർഥനകൊണ്ട് കുടുംബത്തിനു കിട്ടുന്ന ഐശ്വര്യം മാത്രം മതിയെന്നാണു സിനാജിന്റെ മറുപടി. 13 വർഷം മുൻപ് വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് 8 മാസത്തോളം തളർന്നു കിടപ്പിലായ ചരിത്രവും സിനാജിനുണ്ട്. തടിപ്പണിക്കാരനായ സിനാജിന് ഒരു വർഷം മുൻപു മരത്തിൽ നിന്നു വീണും സാരമായി പരുക്കേറ്റിരുന്നു.