ADVERTISEMENT

പോത്തൻകോട് ∙ സ്വന്തമായി സ്ഥലമുണ്ടായിട്ടും അസൗകരങ്ങളിൽ വലയുകയാണ് കൊയ്ത്തൂർക്കോണത്ത് പ്രവർത്തിക്കുന്ന അണ്ടൂർക്കോണം ആയൂർവേദ ആശുപത്രി.  മുപ്പത്തിയാറു വർഷം കഴിഞ്ഞിട്ടും നവീകരണം ഉമ്ടായിട്ടില്ല. ഈ വർഷങ്ങൾക്കിടയിൽ ആകെ കിട്ടിയത് മരുന്നുകൾ സൂക്ഷിക്കാൻ നിലവിലെ കെട്ടിടത്തിനോട് ചേർന്ന് ചെറിയൊരു മുറി മാത്രം. ശരാശരി 50 തിലധികം രോഗികൾ ദിവസവും ചികിൽസ തേടി എത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണ്ണത ബാധിച്ചിട്ടുണ്ട്. കോൺക്രീറ്റ് മേൽക്കൂര പൊട്ടിയടർന്നു തുടങ്ങി.

നിന്നു തിരിയാനിടമില്ലാത്ത മുറിയിലാണ് ഫാർമസി. ഒരു മീറ്റിങ് നടത്താൻ പോലും സൗകര്യമുള്ള മുറിയില്ല.  ആശുപത്രിയിലേക്ക് കംപ്യൂട്ടർ നൽകുമെന്ന് തുടരെയുള്ള വാഗ്ദാനവും ജലരേഖയായി. പതിനായിരം ലിറ്റർ ജലം കൊള്ളുന്ന വലിയൊരു ടാങ്ക് ആശുപത്രിക്കു മുന്നിൽ യാതൊരു പ്രയോജനവുമില്ലാതെ കൊണ്ടു വച്ചിട്ടുണ്ട്.  കെട്ടിടത്തിനോട് ചേർന്നു നിൽക്കുന്ന മൂന്നു പുളിമരങ്ങളിൽ നിന്നും വീഴുന്ന ഇലകൾ അടിഞ്ഞുകൂടി മഴക്കാലങ്ങളിൽ വെള്ളം കെട്ടിടത്തിനുള്ളിലെത്തും.  

വേരുകൾ പുറത്തേക്ക് കാണാവുന്ന തരത്തിൽ നിൽക്കുന്ന മരങ്ങൾ കെട്ടിടത്തിനു ഭീഷണിയുമാണ്. ആരും ആശുപത്രിയുടെ കാര്യം ശ്രദ്ധിക്കുന്നല്ലെന്നാണ് നാട്ടുകാരുടെ പരാതി. മുൻപ് ഉണ്ടായിരുന്ന ആശുപത്രി വികസന സമിതികൾ വെറും പ്രഹസനമായിരുന്നെന്നും ആരോപണമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നാട്ടുകാർ ചേർന്ന് 25 സെന്റ് ഭൂമി വാങ്ങുകയും ഇത് ആശുപത്രി പ്രവർത്തനത്തിനായി അണ്ടൂർക്കോണം പഞ്ചായത്തിനു കൈമാറുകയായിരുന്നു. 1976മാർച്ച് 17ന് മന്ത്രി ഔക്കാദർക്കുട്ടിനഹ കെട്ടിട നിർമ്മാണത്തിനു തറക്കല്ലിട്ടു. കെട്ടിടം പണി 1984 വരെ നീണ്ടു.  സെപ്റ്റംബർ 30ന് ഡോ. സി.എ.രാമൻ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു.

അതുവരെ ആശുപത്രി വാടകക്കെട്ടിടത്തിലായിരുന്നു. പിന്നീട് വന്ന ഭരണ സമിതികളെല്ലാം ആശുപത്രിയുടെ കാര്യം മറന്നു. അഞ്ചു സെന്റിലാണ് നിലവിലുള്ള കെട്ടിടം. ബാക്കി 20 സെന്റ് കാടുപിടിച്ചു വെറുതെ കിടക്കുകയാണ്. പാഴ്മരങ്ങളും കാടും വെട്ടിത്തെളിച്ചാൽ‍ ഇവിടെ ഒരു ഔഷധ ഉദ്യാനത്തിനോ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ഒക്കെ കഴിയുമെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ ഒരു ഡോക്ടറും, ഫാർമസിസ്റ്റും, അറ്റൻഡറും, പാർടൈം സ്വീപ്പറുമാണ് ജീവനക്കാർ.  പുതിയ ഭരണസമിതിയിലാണ് ഇപ്പോൾ നാട്ടുകാരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com