മരിച്ചു 7 വർഷം വരെ കഴിഞ്ഞവരുൾപ്പടെ നാനൂറോളം പേർ; ‘പരേതർ വിലാസം’ വോട്ടർപട്ടിക!
Mail This Article
പാറശാല ∙ അതിർത്തി ബൂത്തുകളിലെ വോട്ടർ പട്ടികയിൽ കൂട്ടത്തോടെ പരേതർ. പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ മരിച്ചു 7 വർഷം വരെ കഴിഞ്ഞ നാനൂറോളം പേർക്ക് വോട്ടുണ്ട്. പാറശാല പഞ്ചായത്തിലെ അയിങ്കാമം വാർഡിൽ പെട്ട ബൂത്ത് നമ്പർ 152ൽ മാത്രം മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ എൺപതോളം പേർ പട്ടികയിൽ ഉണ്ടെന്നാണ് കണക്കുകൾ. വാർഡിൽ നിന്ന് താമസം മാറിപ്പോയവരും തമിഴ്നാട്ടിൽ സ്ഥിര താമസമാക്കിയ അറുപതിലധികം വോട്ടുകൾ ബൂത്തിൽ ഉണ്ട്.
അയിങ്കാമം വാർഡിലെ ബൂത്ത് നമ്പർ 152ൽ ക്രമ നമ്പർ 241ലെ വോട്ടറായ ജ്ഞാനമ്മ മരിച്ചിട്ട് അഞ്ച് വർഷവും, 187ലെ ശിവദാസ് മരിച്ചിട്ട് ഏഴ് വർഷവും കഴിഞ്ഞു. വീട് വിൽപന നടത്തിയ ശേഷം 35 വർഷമായി തമിഴ്നാട്ടിൽ താമസിക്കുന്ന സരസ്വതിക്ക് ഇപ്പോഴും വാർഡിൽ വോട്ടുണ്ട്. നെയ്യാറ്റിൻകര മണ്ഡലത്തിലെ കുളത്തൂർ പഞ്ചായത്തിൽ പെട്ട തീരദേശത്തെ പൊഴിയൂർ, തെക്കേകൊല്ലങ്കോട്, പരുത്തിയൂർ അടക്കം ആറ് വാർഡുകളിലെ ഇരുന്നൂറിൽ കൂടുതൽ പേർക്ക് സമീപ വാർഡുകളിലും വോട്ടുണ്ട്.
തീരദേശത്ത് നിന്ന് താമസം മാറിയ ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാത്തതാണു ഇരട്ടിക്കാൻ കാരണം. പട്ടികയിൽ നിന്ന് കുറവ് ചെയ്യണം എന്ന് വോട്ടർമാർ ആവശ്യപ്പെട്ടാലും വോട്ട് നഷ്ടമാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ താൽപര്യം കാട്ടാറില്ല. പട്ടികയിൽ പേരുള്ള മരിച്ചവരുടെ ഭൂരിഭാഗം വോട്ടുകളും വ്യാജൻമാരെ ഉപയോഗിച്ച് പാർട്ടിക്കാർ നടത്താറുണ്ട്.