പാറശാല, ആറ്റിങ്ങൽ, കോവളം; വിലയിരുത്തലുകൾക്കും വിശകലനങ്ങൾക്കും അപ്പുറം എന്താണ് ഗ്രൗണ്ട് റിയാലിറ്റി?
Mail This Article
സ്ഥാനാർഥികൾ പ്രചാരണത്തിന്റെ അവസാന റൗണ്ടിലാണ്. കണക്കുകൂട്ടലുകൾക്കും വിലയിരുത്തലുകൾക്കും വിശകലനങ്ങൾക്കും അപ്പുറം എന്താണ് ഗ്രൗണ്ട് റിയാലിറ്റി? മണ്ഡലങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. ലാസ്റ്റ് റൗണ്ട്
പാറശാല
എൽഡിഎഫ്–യുഡിഎഫ് പൊരിഞ്ഞ പോര്
ട്രെൻഡ്
പ്രചാരണ രംഗത്ത് 3 മുന്നണികളും ഒപ്പത്തിനൊപ്പം. എൽഡിഎഫും യുഡിഎഫും എല്ലാ ബൂത്തുകളിലും പ്രചാരണച്ചെലവിനുള്ള പണം കൃത്യമായി എത്തിച്ചിട്ടുണ്ടെങ്കിലും പ്രവർത്തകരുടെ സ്പോൺസർഷിപ്പു കൊണ്ടാണ് അധികവും യുഡിഎഫിന്റെ പ്രചാരണങ്ങൾ. 3 മുന്നണികളുടെയും വാഹന പ്രചാരണ ജാഥ പൂർത്തിയാകുകയാണ്. വിശുദ്ധ വാരവും കുരിശുമല തീർഥാടനവും കണക്കിലെടുത്ത് ദേവാലയങ്ങൾ കേന്ദ്രീകരിച്ചും സ്ഥാനാർഥികൾ സജീവം.
പൾസ്
ഇപ്പോൾ കൊല്ലയിൽ, കുന്നത്തുകാൽ, ആര്യങ്കോട്, പാറശാല, പെരുങ്കടവിള പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം. വെള്ളറട, ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകൾ യുഡിഎഫിന്. കള്ളിക്കാട് പഞ്ചായത്ത് എൻഡിഎക്ക്. പൊതുവെ കോൺഗ്രസ് അനുകൂല മണ്ഡലമാണെങ്കിലും കഴിഞ്ഞ തവണ 18,968 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സിപിഎമ്മിലെ സി.കെ.ഹരീന്ദ്രന്റെ വിജയം. ഇതു നിലനിർത്താൻ കിറ്റും പെൻഷനും മറ്റു വികസന പദ്ധതികളും എൽഡിഎഫിനെ തുണച്ചേക്കും.
എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 22,002 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. ജില്ലയിൽ കോൺഗ്രസ് വിജയപ്രതീക്ഷ വയ്ക്കുന്ന ആദ്യ 5 സീറ്റുകളിൽ ഒന്നാണു പാറശാല. 30 വർഷം ജില്ലാ പഞ്ചായത്തിലെ തുടർച്ചയായ വിജയത്തിന്റെ ചരിത്രമുള്ള കോൺഗ്രസിലെ അൻസജിതാ റസലിന്റെ അപരാജിത ഇമേജ് പാറശാലയിലും വിജയത്തിലേക്കു നയിക്കാം. 33,028 വോട്ടുകൾ 2016ൽ നേടിയ എൻഡിഎയുടെ കരമന ജയന് 42,887 വോട്ടുകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടാനായി. അതിനാൽ വിജയം തന്നെയാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.
സ്കോപ്
എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ വിജയ പ്രതീക്ഷ. സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിലാണ് സ്ഥാനാർഥികളുടെ പ്രതീക്ഷയും ആശങ്കയും.
ആറ്റിങ്ങൽ
മുന്നിൽ എൽഡിഎഫ്; അട്ടിമറിക്കും സാധ്യത
ട്രെൻഡ്
ഏറ്റവുമാദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച എൽഡിഎഫാണു പ്രചാരണത്തിൽ മുന്നിൽ. എന്നാൽ, യുഡിഎഫും എൻഡിഎയും തൊട്ടുപിന്നിൽ സജീവമായി രംഗത്തുണ്ട്. വാഹന പര്യടനത്തിലാണിപ്പോൾ 3 സ്ഥാനാർഥികളും. എൻഡിയെയുടെയും എൽഡിഎഫിന്റെയും കാടിളക്കിയുള്ള പ്രചാരണത്തെ വീടുവീടാന്തരം കയറി വോട്ടർമാരുമായി നേരിട്ടു സംവദിച്ചുള്ള വോട്ടഭ്യർഥന കൊണ്ടു മറികടക്കാമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. പ്രിയങ്കയുടെ വരവിലും യുഡിഎഫിന് ഉൗർജം.
പൾസ്
ഇപ്പോൾ ആറ്റിങ്ങൽ നഗരസഭ, മണമ്പൂർ, നഗരൂർ, ഒറ്റൂർ, പഴയകുന്നുമ്മേൽ, പഞ്ചായത്തുകളിൽ എൽഡിഎഫിനാണു ഭരണം. വക്കം, കിളിമാനൂർ, ചെറുന്നിയൂർ, പുളിമാത്ത് പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു. കരവാരം പഞ്ചായത്ത് എൻഡിഎയുടെ കൈക്കലാണ്. പൊതുവെ എൽഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും സിറ്റിങ് എംഎൽഎ ബി. സത്യനു വീണ്ടും സീറ്റു നൽകാത്തതിലുള്ള അമർഷം അദ്ദേഹത്തിന്റെ ടീമിനുണ്ട്. അതിനെ മറികടക്കാൻ പ്രചാരണത്തിന്റെ ചുക്കാൻ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് സത്യനെത്തന്നെ. കഴിഞ്ഞ തവണ 40,383 വോട്ടുകളുടെ അതിശയകരമായ ഭൂരിപക്ഷത്തിനായിരുന്നു സത്യന്റെ ജയം.
അത്രത്തോളം ഇക്കുറി എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല, കാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,555 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോൺഗ്രസിലെ അടൂർ പ്രകാശ് അട്ടിമറിയിലൂടെ നേടിയത്. തനിക്കൊപ്പം നിൽക്കുമെന്നു വിശ്വസിക്കുന്ന 2 സമുദായങ്ങളുടെ നിർണായ വോട്ടുകളിലാണ് യുഡിഎഫ് സ്ഥാനാർഥി എ. ശ്രീധരന്റെ കണ്ണ്. യുഡിഎഫ് ജില്ലയിൽ ഘടകകക്ഷിക്കു (ആർഎസ്പി) നൽകിയ ഏക സീറ്റുമാണ് ആറ്റിങ്ങൽ. ഇവിടെ 2016ലെ 27,602 വോട്ടുകളെക്കാൾ അധികം കിട്ടുമെന്നു എൻഡിഎ പ്രതീക്ഷിക്കുന്നതിനു മുഖ്യ കാരണം അവരുടെ ഏറ്റവും ശക്തമായ സ്ഥാനാർഥി പി. സുധീർ മൽസരിക്കുന്നതു കൊണ്ടുതന്നെ.
സ്കോപ്പ്
പ്രചാരണ രംഗത്തെ എൽഡിഎഫിന്റെ മുൻതൂക്കം നഷ്ടപ്പെടുത്തി വിജയം നേടണമെങ്കിൽ വലിയ അട്ടിമറിയോ നിശബ്ദമായ തരംഗമോ സംഭവിക്കണം.
കോവളം
വിൻസന്റും നീലനും നേർക്കുനേർ
ട്രെൻഡ്
സ്ഥാനാർഥിപ്പട്ടിക വരുംമുൻപു തന്നെ ജില്ലയിൽ പ്രചാരണം തുടങ്ങിയ ഏക കോൺഗ്രസ് സ്ഥാനാർഥി എന്ന നിലയിൽ ഇൗ അവസാന ഘട്ടത്തിലും ഒരുപടി മുന്നിൽ. എന്നാൽ, പഴയ നേതാവാണെങ്കിലും ന്യൂജെൻ പ്രചാരണ സംവിധാനങ്ങളിലൂടെ ശ്രദ്ധേയനായി എൽഡിഎഫ് സ്ഥാനാർഥി. ആവേശത്തോടെ പ്രചാരണത്തിലാണ് കോവളത്തെയും എൻഡിഎ സ്ഥാനാർഥി.
പൾസ്
മണ്ഡലത്തിനുള്ളിലെ 7 പഞ്ചായത്തുകളിൽ ആറും എൽഡിഎഫ് ഭരണത്തിലാണ്. പൂവാർ, കരിങ്കുളം, കാഞ്ഞിരംകുളം, കോട്ടുകാൽ, വെങ്ങാനൂർ, ബാലരാമപുരം എന്നിവയാണ് എൽഡിഎഫിന്റെ പക്കലുള്ളവ. 5 കോർപറേഷൻ വാർഡുകളിൽ രണ്ടെണ്ണം എൽഡിഎഫിന്റെ പക്കലും ഒരെണ്ണം യുഡിഎഫിനുമാണ്. 2 സീറ്റുകളിൽ സ്വതന്ത്രരാണു വിജയിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖമായെത്തിയഎം. വിൻസന്റ് ഇടതു തരംഗത്തെ അതിജീവിച്ച് 2,615 വോട്ടുകൾക്കാണു വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ ഭൂരിപക്ഷം 31,171 വോട്ടുകളായി ശശി തരൂർ ഉയർത്തി.
യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചാരണത്തിനായി എൽഡിഎഫ് കരുതിവച്ചിരുന്ന ആയുധം ഘടകകക്ഷിയുടെ സ്ഥാനാർഥി നിർണയത്തോടെ പ്രയോഗിക്കാൻ കഴിയാതെ ആവനാഴിയിൽ തിരികെയിടേണ്ടിവന്നു. രാഷ്ട്രീയ രംഗത്തെ പഴയ പടക്കുതിരയായ എ. നീലലോഹിത ദാസനും വിൻസന്റും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് കോവളത്ത് ഇപ്പോൾ. എൻഡിഎ 2016ലെ 30,000 വോട്ടുകൾ 40,000 ആക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉയർത്തിയിരുന്നു. ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിനാണ് ഇത്തവണ സീറ്റെങ്കിലും ബിജെപി ചിഹ്നത്തിലാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ മൽസരിക്കുന്നത്.
സ്കോപ്പ്
യുഡിഎഫ് ജില്ലയിൽ വിജയിക്കുമെന്ന് ഉറപ്പാക്കിയ സീറ്റാണു കോവളം. അതു തിരികെപ്പിടിക്കാനുള്ള പ്രകടവും ശക്തവുമായ കാരണങ്ങൾ എൽഡിഎഫിനില്ലെങ്കിലും നീലന് തന്റെ പരമ്പരാഗത വോട്ടുകൾ ഉറപ്പാക്കാനായാൽ ഫലം മാറിമറിയാം.