പ്രചാരണം ആവസാന ലാപ്പിലേക്ക്; പരമാവധി വോട്ട് ഉറപ്പിക്കാൻ മുന്നണികൾ
Mail This Article
നെയ്യാറ്റിൻകര ∙ പ്രചാരണം ആവസാന ലാപ്പിലേക്ക്. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്നു മുന്നണികളിലെ സ്ഥാനാർഥികളും പരമാവധി ജനങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള തത്രപ്പാടിലാണ്. യുഡിഎഫ് സ്ഥാനാർഥി ആർ. സെൽവരാജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടർ അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ വാഹന പര്യടനം മിനിയാന്ന് അവസാനിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം സ്ഥാനാർഥിക്കു വേണ്ടി വഴിമുക്ക് മുതൽ പൊഴിയൂർ വരെ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടത്തി.
എൽഡിഎഫ് സ്ഥാനാർഥി കെ. ആൻസലന്റെ പര്യടനം ഇന്നലെ പെരുമ്പഴുതൂർ – ടൗൺ മേഖലയിലായിരുന്നു. പര്യടനത്തിന്റെ ഉദ്ഘാടനം മുള്ളറവിളയിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ നിർവഹിച്ചു. മാമ്പഴക്കര, ഇളവനിക്കര, കരിക്കം, കുളമാങ്കുഴി, കരിപ്രക്കോണം, മുട്ടയ്ക്കാട്, പെരുമ്പഴുതൂർ, പള്ളിനട, തേരന്നൂർ, പ്ലാവിള, അത്താഴമംഗലം, കവളാകുളം, പിരായുംമൂട്, ആശുപത്രി ജംക്‌ഷൻ, കൂട്ടപ്പന വഴി തൊഴുക്കലിൽ സമാപിച്ചു.
എൻഡിഎ സ്ഥാനാർഥി ചെങ്കൽ എസ്. രാജശേഖരൻ നായർ കാരോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വാഹന പര്യടനം നടത്തി, വോട്ടർമാരെ നേരിൽ കണ്ടു. കുന്നുവിള, നീരാഴിവെട്ടിവിള, പ്ലാവിലമൂല, താമരവിള, ഈഴകോണം, ആശാരികുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു.