കോവിഡ് കൂടുന്നു, ശ്മശാനം തയാറെന്ന് മേയർ ആര്യയുടെ ഫെയ്സ് ബുക് പേജ്: വിവാദം
Mail This Article
തിരുവനന്തപുരം∙ തൈക്കാട് ശാന്തി കവാടത്തിൽ ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ച കാര്യം കോവിഡ് വ്യാപനവുമായി ബന്ധിപ്പിച്ചു ഫെയ്സ് ബുക്കിൽ കുറിപ്പിട്ട മേയർ ആര്യ രാജേന്ദ്രനെതിരെ ട്രോൾ പ്രവാഹവും വിമർശനവും.‘‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട് ശാന്തി കവാടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഗ്യാസ് ശ്മശാനം നിർമാണം പൂർത്തിയാക്കി’’ എന്ന വാചകമാണു മേയർക്കു പുലിവാലായത്.
വികസന നേട്ടമായി അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും നെഗറ്റീവ് കമന്റുകളും ട്രോളുകളും പ്രവഹിച്ചതോടെ പോസ്റ്റ് പിൻവലിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഓഫിസ് സഹായിക്കു മേയർ താക്കീതു നൽകുകയും ചെയ്തു. തൈക്കാട് ശാന്തികവാടത്തിൽ പരീക്ഷണാർഥം പുതിയ ഗ്യാസ് ശ്മശാനം പ്രവർത്തനമാരംഭിച്ചതു രണ്ടു ദിവസം മുൻപാണ്.
ട്രയൽ റൺ ചിത്രങ്ങൾ സഹിതമാണ് ആര്യ രാജേന്ദ്രൻ എസ്. എന്ന അക്കൗണ്ടിൽ ഇന്നലെ ഉച്ചയോടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് പോസിറ്റീവ് ആയി മരിക്കുന്നവരുടെ മൃതശരീരങ്ങൾ ശ്മശാനത്തിൽ സ്ഥലം ലഭിക്കാത്തതിനെ തുടർന്നു കൂട്ടത്തോടെ സംസ്കരിക്കുന്ന വാർത്തകൾക്കിടെയാണ് ഇവിടെ എല്ലാം സജ്ജമാണെന്നു ധ്വനിപ്പിക്കുന്ന രീതിയുള്ള ഫെയ്സ് ബുക് കുറിപ്പ് വന്നത്. ഇതു നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.