വിൻസന്റിന്റെ വിജയത്തിളക്കം വിഴിഞ്ഞത്തെ വോട്ടുകളിൽ
Mail This Article
കോവളം∙യുഡിഎഫ് സ്ഥാനാർഥി എം.വിൻസന്റിന്റെ ഇക്കുറിയിലെയും വിജയം മിന്നിച്ചത് വിഴിഞ്ഞത്തെ വോട്ടുകൾ. കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് ഒഴികെ എല്ലായിടവും വ്യക്തമായ ലീഡ് നിലനിർത്തി ആയിരുന്നു വിൻസന്റ് വിജയിച്ചത്. 11,562 വോട്ടുകളോടെ ഭൂരിപക്ഷം 5 ഇരട്ടിയിലേറെ വർധിപ്പിച്ച് വിജയമധുരം കൂട്ടി. 7 ഗ്രാമപ്പഞ്ചായത്തുകളും വിഴിഞ്ഞം ഉൾപ്പെട്ട 5 നഗരസഭാ വാർഡുകളും ചേർന്ന കോവളം മണ്ഡലത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് വിഴിഞ്ഞത്തു നിന്ന്- 13,884 വോട്ടുകൾ.
കഴിഞ്ഞ തവണ ഇവിടെ നിന്നു ലഭിച്ച 12205 വോട്ടുകളാണ് 2615 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിൻസന്റിനു അസംബ്ലിയിലേക്കുള്ള കന്നി വിജയം സമ്മാനിച്ചത്. എതിർ സ്ഥാനാർഥി എൽഡിഎഫിലെ ഡോ.എ.നീലലോഹിത ദാസിന് 10,938 വോട്ടും എൻഡിഎ സ്ഥാനാർഥി വിഷ്ണുപുരം ചന്ദ്രശേഖരന് 2349 വോട്ടും ഇക്കുറി വിഴിഞ്ഞത്തു നിന്നു ലഭിച്ചു. സ്വന്തം തട്ടകമായ ബാലരാമപുരത്ത് നിന്ന് വിൻസന്റിന് 10420 വോട്ടു ലഭിച്ചു. (കഴിഞ്ഞ തവണ 8354 വോട്ട്).
എൽഡിഎഫ് സ്ഥാനാർഥിക്ക് ഇവിടെ 7798 വോട്ടും എൻഡിഎ സ്ഥാനാർഥിക്ക് 3322 വോട്ടും കിട്ടി. കഴിഞ്ഞ തവണത്തെ പോലെ കല്ലിയൂരിൽ മാത്രമാണ് യുഡിഎഫിന് ലീഡ് ലഭിക്കാത്തത്. 9347 വോട്ടു നേടിയത് എൽഡിഎഫിന് ഇവിടെ നേരിയ ആശ്വാസമായി. യുഡിഎഫ് 8925 വോട്ടുകളും(കഴിഞ്ഞ തവണ 6703 വോട്ട്) എൻഡിഎ 5134 വോട്ടും നേടി. വെങ്ങാനുരിൽ യുഡിഎഫിനു 9560വോട്ടും(കഴിഞ്ഞ തവണ 6761) എൽഡിഎഫ് 7563, എൻഡിഎ2935 വോട്ടും നേടി. എൽഡിഎഫ് വലിയ നേട്ടം കൊയ്യും എന്നു കരുതിയ കോട്ടുകാൽ ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് 10209 വോട്ടു(കഴിഞ്ഞ തവണ 7592) നേടാനായപ്പോൾ എൽഡിഎഫിന് 8819 വോട്ട് മാത്രമാണ് കിട്ടിയത്. എൻഡിഎക്ക് 2152 വോട്ടും ലഭിച്ചു.
കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫിന് 5649 വോട്ട്(കഴിഞ്ഞ തവണ 5291) ലഭിച്ചപ്പോൾ എൽഡിഎഫിന് 4571 ഉം എൻഡിഎക്കു 727 വോട്ടും കിട്ടി. കരുംകുളം ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫിന് 8682 വോട്ട്(കഴിഞ്ഞ തവണ 8555) ലഭിച്ചു. എൽഡിഎഫിന് 7702 വോട്ടും എൻഡിഎക്ക് 524 വോട്ടും ലഭിച്ചു. പൂവാർ ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫിന് 5071വോട്ടും(കഴിഞ്ഞ തവണ 4335) എൽഡിഎഫിന് 4927വോട്ടും എൻഡിഎക്ക് 1141 വോട്ടും ലഭിച്ചു. യുഡിഎഫിന് 2192 പോസ്റ്റൽ വോട്ടുകളും എൽഡിഎഫിന് 1724 പോസ്റ്റൽ വോട്ടുകളും എൻഡിഎക്ക് 397 പോസ്റ്റൽ വോട്ടുകളും കിട്ടി. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർഥി ടി.എൻ.സുരേഷ് 30987 വോട്ടു നേടിയപ്പോൾ ഇത്തവണ മത്സരിച്ച എൻഡിഎ സ്ഥാനാർഥി വിഷ്ണുപുരം ചന്ദ്രശേഖരന് 18664 വോട്ടു മാത്രമാണ് നേടാനായത്. നോട്ടക്ക് 773 വോട്ടും ലഭിച്ചു.